അബുദാബി: പ്രവാസികളോടുള്ള കേരള സര്‍ക്കാറിന്റെ നിഷേധാത്മക സമീപനം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അബുദാബി ഒരുമനയൂര്‍ കെഎംസിസി പ്രവാസികള്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്കുന്ന പദ്ധതി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാഖ് ഒരുമനയൂര്‍ പരിപാടിയില്‍ അധ്യക്ഷനായിരുന്നു.
പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്നവരോട് കോവിഡ് കാലത്തുള്ള സമീപനം വേദനാജനകമാണെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ സ്വരൂപിക്കുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നവര്‍ പ്രവാസികളെ തീര്‍ത്തും അവഗണിക്കുകയാണ്.
കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോള്‍ അപരനു വേണ്ടി ജീവന് പോലും പണയപ്പെടുത്തി സേവന രംഗത്ത് സര്‍വ സജീവമായിരുന്ന കെഎംസിസി പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വിശ്രമമില്ലാത്ത രാപകലിലൂടെയാണ് അവര്‍ കടന്നു പോയത്. അതിന്റെ തുടര്‍ പ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ട്. ഭക്ഷണമെത്തിച്ചു കൊടുത്തവര്‍ ഇപ്പോള്‍ പ്രയാസപ്പെടുന്നവരെ നാട്ടിലെത്തിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ്. മുസ്ലിം ലീഗും അതിന്റെ മുഴുവന്‍ പോഷക സംഘടനകളും സദാ സേവന വീഥിയിലായിരുന്നു. ലോക്ക്ഡൗണ്‍ സാമൂഹിക സേവനങ്ങള്‍ക്ക് തടസ്സമായിട്ടില്ല. പ്രവാസികളെ സഹായിക്കുന്നതില്‍ കെഎംസിസി മഹത്തായ സേവനമാണ് നടത്തിയത്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പ്രവാസികളില്‍ പലര്‍ക്കും നാട്ടില്‍ നിന്ന് ടിക്കറ്റോ, അല്ലെങ്കില്‍ അതിനുള്ള പണമോ അയച്ചു കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ അബുദാബി ഒരുമനയൂര്‍ കെഎംസിസി നടപ്പാക്കുന്ന സൗജന്യ ടിക്കറ്റ് പദ്ധതി അഭിനന്ദനാര്‍ഹമാണെന്ന് മുനവ്വര്‍ തങ്ങള്‍ പറഞ്ഞു. കെ.വി.ആര് മോട്ടോഴ്സ് ഉടമ കുഞ്ഞിരാമന് നായര്‍, ഉമൈര്‍ ബിന്‍ യൂസുഫ് ട്രാവല്‍സ് മേഭാവി അബ്ദുല്‍ കരീം എന്നിവര്‍ വിശിഷ്ടാതിഥികളായി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.എച്ച് റഷീദ്, ജില്ലാ പ്രസിഡണ്ട് സി.എ റഷീദ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ അബ്ദുല്‍ വഹാബ്, ജന.സെക്രട്ടറ നിയാസ്, -അബുദാബി-കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കോയ തിരുവത്ര, ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് വി.എം മുനീര്‍, അബുദാബി ഒരുമനയൂര്‍ കെഎംസിസി പ്രസിഡണ്ട് വി.പി മുഹമ്മദ് മോന്, ജന.സെക്രട്ടറി സലീം നിഅ്മത്ത്, ട്രഷറര്‍ താരിഖ്, ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി അബൂബക്കര്‍, ഖത്തര്‍-തൃശൂര്‍ ജില്ലാ ജന.സെക്രട്ടറി എന്‍ടി നാസര്‍, ദുബൈ-തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ആര്.വി കബീര്‍ തുടങ്ങിയവരും ഒരുമനയൂര്‍ പഞ്ചായത്തില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേരും പങ്കെടുത്തു. ഹാഷിം നന്ദി രേഖപ്പെടുത്തി.