യുഎഇ സെല്‍ ചികിത്സ വിജയം തന്നെ; 2,000ത്തില്‍ 1,200 പേര്‍ക്ക് കൊറോണ പൂര്‍ണമായും സുഖപ്പെട്ടു

    അബുദാബി: കോവിഡ് 19നെ പ്രതിരോധിക്കാന്‍ അബുദാബി ആരോഗ്യ വിഭാഗം സജ്ജമാക്കിയ അത്യപൂര്‍വ ചികിത്സയായ സ്‌റ്റെം സെല്‍ വന്‍ വിജയമാണെന്ന് വീണ്ടും ബോധ്യപ്പെട്ടു. 2,000 പേരിലാണ് ഇതു വരെ ഈ ചികിത്സ നടത്തിയത്. ഇതില്‍ 1,200 പേര്‍ക്കും കൊറോണ പൂര്‍ണമായും ഭേദപ്പെട്ടതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി.
    ചെലവേറിയതാണെങ്കിലും രാജ്യത്ത് നിന്നും കോവിഡ് പൂര്‍ണമായും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തീര്‍ത്തും സൗജന്യമായി ഈ ചികിത്സ നല്‍കാന്‍ യുഎഇ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎഇ സെല്‍ എന്നാണ് ഇതിന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.
    ഈ ചികിത്സാ രീതിയിലൂടെ നിരവധി പേരെ ഗുരുതരാവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രോഗിയുടെ രക്തം കുത്തിയെടുത്ത് പരിവര്‍ത്തനം നടത്തി വീണ്ടും തിരിച്ചുസന്നിവേശിപ്പിക്കുന്ന ചികിത്സാ രീതിയാണ് ഏറ്റവും ഫലപ്രദമായി യുഎഇ കണ്ടെത്തിയത്. സാധാരണ ഗതിയില്‍ 22 ദിവസം ആശുപത്രിയില്‍ കഴിയേണ്ട രോഗിക്ക് ഇതിലൂടെ ആറു ദിവസം മാത്രമേ കഴിയേണ്ടതുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.