സംഭവിച്ചത് ഗുരുതര വീഴ്ച: വിളിച്ചു വരുത്തി ശാസിച്ച് ആരോഗ്യമന്ത്രി

17

മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലെ ആത്മഹത്യ

തിരുവനന്തപുരം: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തുടര്‍ച്ചയായ വീഴ്ചകളില്‍ അധികൃതരെ വിളിച്ചുവരുത്തി ശാസിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് മന്ത്രിയുടെ നടപടി. അതിനിടെ രണ്ടു പേരുടെ മരണത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം തുടങ്ങി.
കൊവിഡ് പ്രതിരോധ നേട്ടങ്ങള്‍ക്കിടെ സംസ്ഥാനത്തിന് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ആറു മണിക്കൂറിനിടെ രണ്ടു യുവാക്കള്‍ തൂങ്ങിമരിച്ച സംഭവം. മദ്യാസക്തി കാരണമുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന ഇരുവരേയും നിരീക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ആദ്യം തൂങ്ങി മരിച്ച ആനാട് സ്വദേശിയായ ഉണ്ണി ചൊവ്വാഴ്ച ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് ആശുപത്രി വേഷത്തില്‍ നാട്ടിലേക്ക് മുങ്ങിയിരുന്നു.
ഇയാളുടെ അസ്വസ്ഥതകള്‍ വ്യക്തമായിരുന്നിട്ടും ശ്രദ്ധക്കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉണ്ണിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ഡിസ്ചാര്‍ജ്ജിനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് നെടുമങ്ങാട് സ്വദേശി മുരുകേശന്‍ വൈകീട്ട് പേ വാര്‍ഡിനുള്ളില്‍ തൂങ്ങിമരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചെത്തിയ മുരുകേശനെ കോവിഡ് ലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്.
രോഗി രക്ഷപ്പെട്ടതിന് പിന്നാലെ, ഇവരില്‍ ഒരാള്‍ ഉള്‍പ്പടെ രണ്ട് പേര്‍ ആത്മഹത്യ കൂടി ചെയ്തതോടെയാണ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി ആരോഗ്യ മന്ത്രി അതൃപ്തി അറിയിച്ചതും ശാസിച്ചതും. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കും. അതെ സമയം, ആശുപത്രിയുടെ ഭാഗത്തുണ്ടായ വീഴ്ച സംബന്ധിച്ച് ആരോഗ്യമന്ത്രിയോ മെഡിക്കല്‍ കോളജ് അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ദുബായില്‍ നിന്ന് കോവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ പരിശോധനാ ഫലം വരുന്നതിനു മുമ്പ് വീട്ടിലേക്കയച്ച് മെഡിക്കല്‍ കോളജ് വിവാദത്തിലായിരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ട വൈദികന്റെ മരണത്തില്‍ സ്രവ പരിശോധന വൈകിയതും മെഡിക്കല്‍ കോളജിനെ വിവാദത്തിലാക്കിയിരുന്നു. അതിനിടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മന്ത്രിയുടെ വീട്ടിലേക്ക് ഡി.സി.സി നടത്തിയ മാര്‍ച്ച് നടത്തിയ എം.എല്‍.എ വി എസ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു.

കോവിഡ് വാര്‍ഡിലെ രോഗികള്‍ക്ക്
പ്രത്യേക നിരീക്ഷണ സംവിധാനം
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് സംശയിക്കുന്ന രോഗികളെ സുരക്ഷാവിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനം. കഴിഞ്ഞദിവസം ചികിത്സയിലായിരുന്ന രണ്ടുപേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് രോഗികളുടെ സുരക്ഷാസംവിധാനം വിപുലപ്പെടൂത്താന്‍ തീരുമാനിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും മദ്യാസക്തിയുള്ളതുമായ രോഗികളെ കൂടുതലായി ശ്രദ്ധിക്കാന്‍ ഇതുവഴി കഴിയും. ഈ വാര്‍ഡിലെ രോഗികള്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കും. വ്യാഴാഴ്ച നടന്ന കോളജുതല കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
കോവിഡ് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കുവേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് പറഞ്ഞു. ഇവര്‍ കോവിഡ് വാര്‍ഡിലെ എല്ലാ രോഗികളെയും പരിശോധിക്കുകയും കൗണ്‍സലിംഗും ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സലിംഗും നല്‍കുകയും ചെയ്യും. കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും സൈക്യാട്രി വിഭാഗത്തിന്റെ കീഴില്‍ സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് പരിശീലനവും നല്‍കും. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി പൊലീസുകാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഐസൊലേഷനിലുള്ള രോഗികളുടെ പരിപാലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുവാനായി എല്ലാ ജീവനക്കാര്‍ക്കും നിര്‍ദ്ദേശവും നല്‍കിയതായി സൂപ്രണ്ട് വ്യക്തമാക്കി.