അധ്യാപക കൂട്ടായ്മയുടെ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

19

കുറ്റ്യാടി: കോവിഡ് കാലത്ത് അധ്യാപക കൂട്ടായ്മയില്‍ പിറവിയെടുത്ത വളവ് ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. സ്‌കൂളില്‍ എന്നും വൈകി എത്തുന്ന അധ്യാപകന്റെ മാനസിക സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുകയാണ് ചിത്രത്തില്‍. അപകടങ്ങള്‍ തുടര്‍ക്കഥയായ കൂളിവളവ് കടന്ന് സ്‌കൂളിലേക്ക് വരാന്‍ ഭയപ്പെടുന്ന അധ്യാപകനും ഒരു ഭയവും ഇല്ലാതെ ഒരു കുട്ടി സൈക്കിളില്‍ വളവ് കടന്നു വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം .കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അകാരണമായ ഭയം നമ്മെ വിജയത്തിലേക്ക് എത്തിക്കില്ലെന്നും ഭയമല്ല ശ്രദ്ധയും കരുതലുമാണ് വേണ്ടതെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മല്‍ ഉപജില്ലാ കമ്മിറ്റിയാണ് ‘വളവ്’ അണിയിച്ചൊരുക്കിയത്. ജയന്‍ തിരുമനയുടെതാണ് കഥ. കൊടുവള്ളി ഉപജില്ലയിലെ പുന്നശ്ശേരി എ.യു.പി.സ്‌കൂള്‍ അധ്യാപകനും വിദ്യാരംഗം ജില്ലാ ഭാരവാഹിയുമായ വിനോദ് പാലങ്ങാടാണ് സംവിധാനവും കേന്ദ്ര കഥാപാത്രമായ അധ്യാപകനെയും അവതരിപ്പിച്ചത്. വിദ്യാരംഗം കുന്നുമ്മല്‍ ഉപജില്ലാ കണ്‍വീനറും നിട്ടൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപകനുമായ പി.പി.ദിനേശനാണ് ചിത്രം നിര്‍മ്മിച്ചത് .പ്രസാദ് ശങ്കര്‍ ക്യാമറയും വീഡിയോയും, പ്രശാന്ത് ശങ്കര്‍ സംഗീതസംവിധാനവും നരിപ്പറ്റ ആര്‍.എന്‍.എം.ഹയര്‍ സെക്കന്‍ഡറി ചിത്രകലാ അധ്യാപകന്‍ വേണു ചീക്കോന്ന് ചമയവും ഒരുങ്ങി. സുര്‍ജിത്ത് കിനാലൂരാണ് സാങ്കേതിക സഹായം. വട്ടോളി നാഷണല്‍ എച്ച്.എസ്.എസിലെ വി.വിജേഷ്, കുറ്റ്യാടി എം.ഐ.യു.പി.സ്‌കൂളിലെ ഷിജിന ഗിരീഷ്, റിട്ട അധ്യാപിക കെ.കല്യാണി, നാദാപുരം ഗവ.യു.പി.സ്‌കൂളിലെ വി.കെ.ബിന്ദു, വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജെ.വിഷ്ണുനന്ദ എന്നിവരാണ് അഭിനേതാക്കള്‍.