ദുബൈ: കേരളത്തില്‍ വാരിയന്കുന്നന് വീണ്ടും ചര്‍ച്ചയാകുമ്പോള്‍
വാഗണ്‍ ട്രാജഡി സ്മരണകളുടെ മരിക്കാത്ത ഓര്‍മകളുടെ തിരുശേഷിപ്പുകള്‍ സ്മാരകമായും ഓര്മകളായും നിലനില്‍ക്കുന്ന തിരൂരിന്റെ മണ്ണില്‍ കാരുണ്യത്തിന്റെ കയ്യൊപ്പു ചാര്‍ത്തി ടീം തിരൂരിന്റെ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 24ന് രാവിലെ 10 മണിയോടെ 181 യാത്രക്കാരെയും വഹിച്ച് കോഴിക്കോട്ട് പറന്നിറങ്ങി.
കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലെ തിരൂര്‍ നിവാസികള്‍ക്കിടയില്‍ സ്തുത്യര്‍ഹ സേവനം നടത്തി വരുന്ന കൂട്ടായ്മയാണ് ടീം തിരൂര്‍. ഇതാദ്യമായാണ് യുഎഇയില്‍ വസിക്കുന്ന കേരളത്തിലെ ഒരു മുനിസിപ്പാലിറ്റി പ്രദേശത്തെ മാത്രം ഒരു സംഘടന അവരുടെ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി മാത്രം ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് നാട്ടിലെത്തിക്കുന്നത്.
ടീം തിരൂര്‍ കോവിഡ് 19 ഹെല്പ് ഡെസ്ക് മുഖ്യ രക്ഷാധികാരികളായ റീജന്‍സി ഗ്രൂപ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, ആസ്റ്റര്‍ സ്ഥാപനങ്ങളുടെ മേധാവി പത്മശ്രീ ഡോ. ആസാദ് മൂപ്പന് എന്നിവരുടെ നേതൃത്വത്തിലാണ് ടീം തിരൂരിന്റെ വിമാനം വൈവിധ്യങ്ങളായ ഒരുപാട് പ്രത്യേകതകളോടെ വിമാനം കോഴിക്കോട്ടെത്തിയത്.
വ്യത്യസ്ത മേഖലകളിലെ പ്രഗല്ഭരെ ഉള്‍പ്പെടുത്തി കോവിഡ് കാലത്തെ നിലവിലെ കേരളത്തിലെ സാമൂഹിക സ്ഥിതി പ്രവാസികളോട് കാട്ടുന്ന അവജ്ഞക്കെതിരെയുള്ള ബോധവത്കരണത്തില്‍ തുടങ്ങിയ അവബോധ ക്ളാസ്സുകളായിരുന്നു അതില്‍ പ്രധാനം. സാമ്പത്തിക-ആരോഗ്യ-സാമൂഹിക-സുരക്ഷാ മേഖലകളില്‍ സുരക്ഷിതരാകുന്നതിന് ഈ അവബോധം നിരാശയുടെ മനസുമായി യാത്ര ചെയ്യേണ്ടിയിരുന്ന എല്ലാ യാത്രക്കാര്‍ക്കും നല്‍കിയത് വലിയ ആത്മവിശ്വാസവും പ്രതീക്ഷ നഷ്ടപ്പെട്ട് നാട്ടിലേക്ക് യാത്രയാവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന പ്രവാസികള്‍ക്ക് കരുത്ത് പകരുന്നതുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരന്തരം വേട്ടയാടപ്പെടുന്ന കോവിഡ് കാല പ്രവാസിയോട് കരുണയില്ലാതെ പെരുമാറുന്ന സമൂഹത്തിന് മുന്നില്‍ മനസ് തളരാതെ, പതറാതെ മുമ്പോട്ടു നീങ്ങാനുള്ള ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കിയത് ടീം തിരൂര്‍ കോവിഡ് ഹെല്പ് ഡെസ്ക് ചെയര്‍മാനും റീജന്‍സി ഗ്രൂപ് മാനേജിംഗ് ഡയറക്ടറുമായ
ഡോ. അന്‍വര്‍ അമീനായിരുന്നു. വിമാനം ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തില്‍ ദുബൈയിലെ എഫ്എംസി ഗ്രൂപ് ചെയര്മാന് ഡോ. കെ.പി ഹുസൈന് ഊന്നിപ്പറഞ്ഞതും ഉപദേശിച്ചതും ഭയമില്ലാത്ത മാനസികാവസ്ഥയില്‍ ജീവിക്കുകയും ജാഗ്രതയുമാണ് കോവിഡിനെതിരെ
പോരാടാനുള്ള ഏറ്റവും നല്ല മരുന്ന് എന്നതായിരുന്നു.
ടീം ദുബൈ മുഴുവന്‍ യാത്രക്കാര്‍ക്കും ഏര്‍പ്പെടുത്തിയ മാസ്ക്, ഗ്ളൗസ്, പഴങ്ങള്‍, ജ്യൂസുകള്‍, സ്നാകസ്, സ്നാക്സ് എന്നിവയടങ്ങിയ കിറ്റ് വിതരണം ദുബൈയിലെ സേഫ്റ്റി മറൈന്‍ സര്‍വീസ് ചെയര്‍മാനും ടീം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റുമായ ബഷീര്‍ പടിയത്ത് ആണ് നിര്‍വഹിച്ചത്. യാത്രക്കാരുടെ മാനിഫെസ്റ്റോ വിതരണ ഉദ്ഘാടനം എഎകെ ഗ്രൂപ് എംഡിയും ടീം തിരൂര്‍ കോവിഡ് ഹെല്പ് ഡെസ്ക് വൈസ് ചെയര്‍മാനുമായ എ.എ.കെ മുസ്തഫ നിര്‍വഹിച്ചു.
മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുന്ന നിര്‍ധനരായ പത്തോളം യാത്രക്കാരുടെ ടിക്കറ്റ് ടീം തിരൂര്‍ ചാരിറ്റി വിംഗാണ് ഏറ്റെടുത്തത്.
സൗജന്യ ക്വാറന്റീന് സൗകര്യം ആവശ്യമുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും മുനിസിപ്പല്‍ അധികൃതരെ ബന്ധപ്പെട്ട് സൗജന്യ ക്വാറന്റീന് സൗകര്യവും എയര്‍പോര്‍ട്ടില്‍ നിന്നുള്ള സൗജന്യ യാത്രാ സൗകര്യവും എല്ലാം ഉള്‍പ്പെട്ട പ്രവാസിയെ വീട്ടിലെത്തിക്കുന്ന പാക്കേജ് ആണ് ടീം തിരൂരിനുണ്ടായിരുന്നതെന്നത് ശ്രദ്ധേയമാണ്.
ടീമിന്റെ നാട്ടിലെ കോഓര്‍ഡിനേറ്റര്‍ കൂടിയായ ഗഫൂര്‍ പി.ലില്ലീസ്, ഹഖ് അടിപാട്ട്, ജലീല്‍ കൈനിക്കര തുടങ്ങിയവരടങ്ങിയ നീണ്ട നിര തന്നെയുണ്ടായിരുന്നു വിമാനം കോഴിക്കോട് എത്തിച്ചേര്‍ന്നത് മുതലുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.
ടീം തിരൂര്‍ കോവിഡ് ഹെല്പ് ഡെസ്ക് ചീഫ് കോഓര്‍ഡിനേറ്റര്‍ വിജയന് വാരിയത്ത്, വൈസ് പ്രസിഡണ്ട് സദാശിവന് അലമ്പറ്റ, ഹാരിസ് പയ്യോളി, അബ്ദുല്‍ വഹാബ്, ഫിറോസ്, സലാം മാസ്റ്റര്‍, ജിത്തു പടിക്കല്‍, സഹീര്‍ അടിപാട്ട്, ടി.പി അബ്ദുറഹിമാന്, അഷ്റഫ് ടി.ഇ, ഇബ്നു, ഷഫീക്, ഷാഫി.കെ, ഷാഫി തിരൂര്‍ എന്നിവരാണ് വിവിധ സോണുകളില്‍ നിന്ന് യാത്രക്കാരെ കോഓര്‍ഡിനേറ്റു ചെയ്ത് യാത്ര സുഗമമാക്കിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാടണയാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു പ്രവാസിക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഒരു യാത്ര തരപ്പെടാന്‍ കടമ്പകള്‍ ഏറെയാണ്.
എയര്‍പോര്‍ട്ടില്‍ നടത്തുന്ന റാപിഡ് ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് കിട്ടിയ ശേഷമാണ് ഏറെ കഷ്ടപ്പെട്ട് തരപ്പെടുത്തിയ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ പ്രവാസിയെ അനുവദിക്കുന്നത്. യാത്ര ചെയ്യുന്നതിന് 5 മണിക്കൂര്‍ മുന്‍പേ എയര്‍പോര്‍ട്ടില്‍ എത്തേണ്ട യാത്രക്കാരന് ദൂര ദിക്കില്‍ നിന്ന് വരുന്ന ആളാണെങ്കില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ മുന്‍പേ യാത്ര പുറപ്പെടേണ്ട സാഹചര്യമാണുള്ളത്. എയര്‍പോര്‍ട്ടിലെത്തിയാല്‍ ടെസ്റ്റും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കി എല്ലാം കൂടി 20 മുതല്‍ 24 മണിക്കൂര്‍ വരെ ചില സാഹചര്യങ്ങളില്‍ വീട്ടിലോ ക്വാറന്റീന് സൗകര്യം ഏര്‍പ്പെടുത്തിയ സ്ഥലത്തോ എത്താന്‍ എടുക്കുന്ന ഈ യാത്രയിലെ ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ അത്യാവശ്യമായി ചികിത്സ തേടേണ്ടവര്‍ എന്നിങ്ങനെയുള്ളവരെല്ലാം
അവശരായി പോകുന്ന സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടതുണ്ട്. ഈ യാത്രക്കാര്‍ ആരും അസുഖ ബാധിതരായി വരുന്നവരല്ല എന്ന് സമൂഹം മനസ്സിലാക്കണം. ഇവിടെ ഒരു റൂമില്‍ താമസിച്ച്, ഒരുമിച്ചു ഭക്ഷണം കഴിച്ച്, ഒന്നിച്ച് ജോലി ചെയ്ത്, ഒരേ റൂമില്‍ അന്തിയുറങ്ങുന്ന ഒരു പ്രവാസി, പല കാരണങ്ങളാല്‍ നാട്ടിലെത്താന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നയാളാണെന്ന് മനസ്സിലാക്കണം. ഒരാള്‍ ഒരു യാത്ര പൂര്‍ത്തിയാക്കുമ്പോഴേക്കും കോവിഡ് വാഹകനോ ബാധിതനോ ആണെന്ന ബോധവും നികൃഷ്ട ജീവിയോടെന്ന പോലെ അവരോടുള്ള സമീപനവും അവരെ ആട്ടിയോടിക്കാന്‍ വെമ്പുന്ന സമൂഹത്തിന്റെ മനസ്സും മാറുക തന്നെ വേണം.