
തളിപ്പറമ്പ്: കനത്ത മഴയില്‍ പരിയാരം ചിതപ്പിലെ പൊയിലില്‍ വന്‍ നാശനഷ്ടം. മൂന്നു വീടുകളുടെ മതിലുകള്‍ തകര്‍ന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് മതിലുകള്‍ ഇടിഞ്ഞുവീണത്. ചിതപ്പിലെ പൊയില്‍ കുറ്റ്യേരിക്കടവ് റോഡില്‍ 700 മീറ്ററിനുള്ളില്‍ മൂന്നു വീടുകളുടെ മതിലുകളാണ് തകര്‍ന്നത്. വലിയ പുരയില്‍ ചന്ദ്രന് പണിക്കരുടെ വീടിന്റെ മതില് പൂര്‍ണമായും തകര്‍ന്നു വീണു.
മുറ്റത്തെ മണ്ണ് ഒലിച്ചുപോയി ഇപ്പോള്‍ വീടും അപകടാവസ്ഥയിലായിരിക്കുകയാണ്. എം അബ്ദുല്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ബീബാ മഹലിന്റേതാണ് തകര്‍ന്ന മറ്റൊരു മതില്. തൊട്ടടുത്ത പിവി അലീമയുടെ വീട്ടു മതിലും തകര്‍ന്നു. ഈ വീടുകളുടെ മുമ്പിലുള്ള റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പ്രവൃത്തിക്കായി കുഴിയെടുത്തിരുന്നു. മതിലുകളോട് ചേര്‍ന്നാണ് കുഴിയെടുത്തത്. പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതും കുഴി മെറ്റല്‍ ഇട്ട് അടക്കാത്തതുമാണ് മതിലുകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.