തിരച്ചില്‍ നിര്‍ത്തിവച്ചു മറ്റൊരാള്‍ രക്ഷപ്പെട്ടു
താനൂര്‍: താനൂര്‍ ഹാര്‍ബറില്‍ നിന്നും ഇന്നലെ രാവിലെ അഞ്ചു മണിക്ക് മത്സ്യബന്ധനത്തിന് പോയ ചെറുതോണി മറിഞ്ഞ് ഒരാളെ കാണാതായി. പുതിയകടപ്പുറം കണ്ണപ്പന്റെ പുരക്കല്‍ കമ്മുക്കുട്ടിയുടെ മകന് സലാമി(38)നെയാണ് കാണാതായത്. സലാമിന്റെ കൂടെയുണ്ടായിരുന്ന സാവാനാജിന്റെ പുരക്കല്‍ സാജുവിനെ രക്ഷപ്പെടുത്തി. രാവിലെ 8 മണിയോടെ തന്നെ തോണി മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട സാജു പറഞ്ഞു. ചെറുവള്ളങ്ങള്‍ സാധാരണ മത്സ്യബന്ധനത്തിന് പോയാല്‍ ഉച്ചയോടെ തിരിച്ചുവരാറുണ്ട്. വൈകുന്നേരമായിട്ടും ഇവര്‍ തിരിച്ച് എത്താത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികളും പൊന്നാനിയില്‍ നിന്നെത്തിയ ഫിഷറീസ് വകുപ്പിന്റെ രക്ഷാ ബോട്ടുമാണ് സാജുവിനെ അഞ്ചുമണിയോടെ രക്ഷപ്പെടുത്തിയത്. കടലില്‍ അകപ്പെട്ട സാജു തുണി ഉയര്ത്തികാണിക്കുകായിരുന്നു. രക്ഷപ്പെട്ട സാജുവിനെ താനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പിന്റെ രക്ഷാ ബോട്ടും സലാമിനായി ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
രാത്രിയോടെ തിരച്ചില്‍ നിര്‍ത്തി. ഇന്ന് രാവിലെ തിരച്ചിലിനായി കോസ്റ്റ് ഗാര്‍ഡ് എത്തുമെന്ന് താനൂര്‍ സി.ഐ പി. പ്രമോദ് പറഞ്ഞു. തിരച്ചിലിന് താനൂര്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാര്‍ഡ്, ട്രോമാ കെയര്‍, കോസ്റ്റല്‍ പൊലീസ്, വി.അബ്ദുറഹിമാന് എം. എല്‍. എ, മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി അഷറഫ്, മത്സ്യത്തൊഴിലാളി ഫെഡറേഷന് എസ്.ടി.യു സംസ്ഥാന നേതാക്കളായ എം.പി ഹംസക്കോയ, അഡ്വ. കെ.പി സൈതലവി, നഗരസഭ കൗണ്‍സിലര്‍മാരായ കെ സലാം, എം.കെ ഫൈസല്‍, സലാം അഞ്ചുടി, തഹസില്‍ദാര്‍ മുരളി, ഡപ്യൂട്ടി തഹസില്‍ദാര്‍ ശ്രീനിവാസന് വില്ലേജ് ഓഫീസര്‍ ശ്രീനിവാസന്, താനൂര്‍ സി.ഐ. പി പ്രമോദ്, എസ്.ഐ നവീന്‍ ഷാജ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍, ഇ.പി കുഞ്ഞാവ, പി.പി ശംസുദ്ദീന്‍ എന്നിവര്‍ തിരച്ചില്‍ ഏകോപിപ്പിച്ചു.