തിയേറ്റര്‍ ഉടമകളും ജീവനക്കാരും ഇന്ന് അപ്സര തിയേറ്ററില്‍ ഒത്തുകൂടും
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സിനിമാതിയേറ്ററുകള്‍ അടച്ചിട്ടിട്ട് ഇന്നേക്ക് 100 ദിവസം. പ്രദര്‍ശനത്തിന്റെ നൂറാംദിവസം ആഘോഷിച്ചിരുന്ന ഒരു ഭൂതകാലം അങ്ങകലെ ഓര്‍മയില്‍ തിളങ്ങുമ്പോള്‍ ഇരുളടഞ്ഞ ഭാവിക്കു മുന്നില്‍ തളര്‍ന്നു നില്‍ക്കുകയാണ് തിയേറ്റര്‍ ഉടമകളും ജീവനക്കാരും. മാര്‍ച്ച് 10നാണ് തിയേറ്ററുകള്‍ അടച്ചത്. തിയേറ്ററുകളുടെ പ്രവര്‍ത്തനം എല്ലാ നിലക്കും കോവിഡ് പ്രോട്ടോകോളിന് എതിരായിരുന്നു. എ.സി പ്രവര്‍ത്തിക്കുക, അടച്ചിട്ട ഹാള്‍, ആളുകള്‍ കൂട്ടംചേരുക എന്നിവയില്ലാതെ തിയേറ്ററുകളില്‍ സിനിമ ഓടിക്കുന്നത് സങ്കല്പിക്കാനാവില്ല. എന്നാല്‍ ഇതെല്ലാം കോവിഡ് വ്യാപനത്തെ ക്ഷണിച്ചുവരുത്തുന്നതാണ്. അതുകൊണ്ടുതന്നെ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉടമകള്‍ നിര്‍ബന്ധിതരായി.
തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ആഴ്ചയില്‍ മൂന്നുദിവസം ഒരു മണിക്കൂര്‍ വീതം പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കണം. ഇടക്കിടെ എ.സിയും ജനറേറ്ററും പ്രവര്‍ത്തിപ്പിക്കണം. വൈദ്യുതിക്ക് മാത്രം മുപ്പതിനായിരത്തോളം രൂപ അടക്കേണ്ടിവരുന്നതും തിയേറ്റര്‍ ഉടമകള്‍ക്ക് ബാധ്യതയാണ്. സംസ്ഥാനത്ത് 12,000 ജീവനക്കാരുണ്ട്. ഇവരില്‍ പലര്‍ക്കും പ്രതിഫലം ലഭിക്കുന്നില്ല. വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കുമായി തിയേറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് കൊടുക്കുന്നത് പതിവാണ്. 20 കോടിയോളം ഇങ്ങനെ നല്‍കിയിട്ടുണ്ട്. കോവിഡ് കാരണം ഇതും കിട്ടാക്കടമായി മാറി.
തിയേറ്ററുകള്‍ നേരത്തെ തന്നെ പ്രതിസന്ധിയിലാണ്. ജില്ലയില്‍ മാത്രം നൂറിലേറെ തിയേറ്ററുകളാണ് അടച്ചുപൂട്ടിയത്. സാങ്കേതിക സൗകര്യം വികസിപ്പിച്ചാണ് മറ്റുള്ളവ പിടിച്ചുനിന്നത്. അതിനിടെയാണ് കോവിഡ് ഭീഷണി കടന്നുവന്നത്. കോവിഡിന് ശമനം വന്നാലും ആളുകള്‍ തിയേറ്ററിലെത്തുമോ എന്ന കാര്യം സംശയമാണ്. കോവിഡ് പിന്നാക്കംപോയ തായ്്ലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ തിയേറ്റര്‍ തുറന്നുവെങ്കിലും ജനങ്ങള്‍ എത്തിയില്ല. അതേസമയം, ഓണ്‍ലൈന്‍ റിലീസിങ് തിയേറ്ററുകള്‍ക്ക് പകരമാവില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വ്യാപകമായ റിലീസിങ് നടത്താന്‍ പരിമിതിയുണ്ടെന്നതാണ് പ്രധാന പ്രശ്നം. അതുകൊണ്ട് ഓണ്‍ലൈന്‍ വഴിയുള്ള പ്രദര്‍ശനം താല്‍ക്കാലിക പരിഹാരം മാത്രമേ ആവുകയുള്ളു. നിലവിലുള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തിയേറ്റര്‍ ഉടമകളും ജീവനക്കാരും ഇന്ന് രാവിലെ 11മണിക്ക് അപ്്സര തിയേറ്ററില്‍ ഒത്തുകൂടും.