തിക്കോടിയില്‍ വീട്ടമ്മയെ ആക്രമിച്ച് 12 പവന്‍ കവര്‍ന്നു

18
കവര്‍ച്ച നടന്ന തിക്കോടിയിലെ ചന്ദ്രിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു

പയ്യോളി: വീട്ടില്‍ ഒറ്റക്കു താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് മോഷ്ടാവ് പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു. തിക്കോടി ടൗണിന് കിഴക്ക് പഴയ തീയേറ്റര്‍ റോഡില്‍ അരീക്കര വയല്‍കുനി പൌര്‍ണ്ണമിയില്‍ പരേതനായ റിട്ട. ബാബ അറ്റോമിക് റിസര്ച്ച് സെന്റര്‍ ഉദ്യോഗസ്ഥന്‍ കുഞ്ഞിരാമന്റെ ഭാര്യ ചന്ദ്രിക (70) ആണ് മോഷ്ടാവിന്റെ ആക്രമണത്തിന് വിധേയമായത്. ദേഹത്തണിഞ്ഞ ഒരു പവന്‍ വീതമുള്ള നാല് വളകളും രണ്ട് പവന്റെ ഒരു വളയും ആറ് പവന്റെ താലിമാലയുമാണ് മോഷ്ടാവ് കവര്‍ന്നത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വാതിലില്‍ മുട്ടുന്നതു കേട്ട് കതക് തുറന്ന ഉടനെ മോഷ്ടാവ് ഇവരെ തള്ളിതാഴെയിടുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്തത്. ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. ഇതിനിടയില്‍ അബോധാവസ്ഥയിലായ വീട്ടമ്മക്ക് രാത്രി ഏറെ വൈകിയാണ് ബോധം തിരിച്ച് കിട്ടിയത്. പരിസരത്ത് ഉണ്ടായിരുന്നവരെ വിളിച്ചെങ്കിലും ആരും അറിഞ്ഞില്ല. വ്യാഴാഴ്ച നേരം വെളുത്തപ്പോഴാണ് അയല്‍വാസികളും ബന്ധുക്കളും വിവരം അറിയുന്നത്.
കണ്ണിനും നാവിനും ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ഭയത്തില്‍ നിന്ന്! മോചിതയായിട്ടില്ല. പരിക്കുകളെ തുടര്‍ന്നു ഇവര്‍ ചികിത്സ തേടിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് നായ ജംഗോ വീടിന് ചുറ്റം നടന്ന ശേഷം പുറക്കാട് കള്ള് ഷാപ്പ് പരിസരവും കഴിഞ്ഞ് ഓടിയിട്ടുണ്ട്. മോഷ്ടാവ് 32 വയസ്സ് തോന്നിക്കുന്ന ഷര്‍ട്ടും ഷോട്‌സും ധരിച്ച ആളാണെന്ന വിവരമാണ് വീട്ടമ്മ നല്‍കുന്നത്. അതേ സമയം ഇയാള്‍ കയ്യുറയും കാലിന് സോക്‌സും ധരിച്ചതായും അന്വേഷണത്തില്‍ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഇവരുടെ മൂത്ത മകന്‍ അജിത്ത് കുമാര്‍ 2008 ല്‍ കല്‍പ്പാക്കത്തു വെച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. ഇളയ മകന്‍ അജയ് ബാങ്ക്‌ലൂരില്‍ എഞ്ചിനീയറാണ്. കോഴിക്കോട് റൂറല്‍ എസ്പി ഡോ: ശ്രീനിവാസ്, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, മേപ്പയൂര്‍ സിഐ അനൂപ്, പയ്യോളി എസ്‌ഐ പിഎസ് സുനില്‍കുമാര്‍, പി. രമേശന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.