പ്രതിദിന രോഗ സ്ഥിരീകരണത്തില്‍ വന്‍വര്‍ധന; 127 പേര്‍ക്ക് കൂടി കോവിഡ്

57 പേര്‍ക്ക് രോഗമുക്തി മൂന്നു പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വീണ്ടും വന്‍വര്‍ധന. ഇന്നലെ 127 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച സ്ഥിരീകരിച്ച 118 കോവിഡ് കേസുകളെ ഇന്നലെ മറികടന്നു. ഈ മാസം അഞ്ചിന് 111-ഉം ആറിന് 108-ഉം ഏഴിന് 107ഉം പേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും ഇന്നലെ രോഗംസ്ഥിരീകരിച്ചു. മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെ: കോഴിക്കോട്-12, കോട്ടയം- 11, കാസര്‍ക്കോട് – ഏഴ്, തൃശൂര്‍ – ആറ്, മലപ്പുറം, വയനാട് – അഞ്ചു വീതം, ആലപ്പുഴ, കണ്ണൂര്‍ – നാലു വീതം, എറണാകുളം – മൂന്ന്, ഇടുക്കി – ഒന്ന്.
ഇവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-42, സഊദി അറേബ്യ-16, യു.എ.ഇ.-15, ഖത്തര്‍-എട്ട്, ബഹറൈന്‍-മൂന്ന് , ഒമാന്‍-ഒന്ന്, നൈജീരിയ-1, ആഫ്രിക്ക-ഒന്ന്) 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്‌നാട്-5, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1, ഗുജറാത്ത്-1) വന്നതാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലയിലെ ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട, ആലപ്പുഴ – 12 വീതം, കോഴിക്കോട്- 11, പാലക്കാട് – 10, തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് – രണ്ടു വീതം, എറണാകുളം, മലപ്പുറം – ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയത്.
1450 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,566 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,37,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2036 പേര്‍ ആസ്പത്രികളിലും. 288 പേരെ ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ ചിറക്കടവ്, എറണാകുളം ജില്ലയിലെ വെങ്ങോല എന്നിവ പുതിയ ഹോട്ട് സ്‌പോട്ടുകളാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ 55 (കാലടി ജങ്ഷന്‍), 70 (ആറ്റുകാല്‍, ഐരാണിമുട്ടം), 72 (മണക്കാട് ജങ്ഷന്‍), ചിറമുക്ക്കാലടി റോഡ് എന്നിവയാണ് കണ്ടെന്‍മെന്റ് സോണുകള്‍. #ോ പാലക്കാട് ജില്ലയിലെ 4 പ്രദേശങ്ങളെ(ഷൊര്‍ണൂര്‍, പെരുമാട്ടി, വാണിയംകുളം, തെങ്കര) ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ 111 ആയി.