തിരുവനന്തപുരം: ‘കൊവിഡ്-19’ എന്ന ഒറ്റ വിഷയത്തില്‍ പ്രതിദിന വാര്‍ത്താ സമ്മേളനം ഒതുക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പെട്ടന്നുള്ള മാറ്റം സര്‍ക്കാരിനെതിരായി ഉയരുന്ന ജനരോഷം മറയ്ക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തല്‍. പ്രവാസി വിഷയത്തിലും കെ.എസ്.ഇ.ബിയുടെ വൈദ്യുതി ബില്ലിലെ കൊള്ളയും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് വലിയ തോതില്‍ കോട്ടം തട്ടിയതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് ഉപദേശക വൃന്ദം പിണറായെ കൊണ്ട് പെട്ടന്ന് കളം മാറ്റിച്ചത്. സര്‍ക്കാരിനും തന്റെ കുടുംബത്തിനെതിരായി പോലും ഉയര്‍ന്ന ആരോപണങ്ങള്ക്കുപ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ കൂട്ടാക്കിയിരുന്നില്ല.
പ്രവാസി വിഷയവും അമിത വൈദ്യുതി ബില്ലും പാര്‍ട്ടി അണികളുടെ വികാരം പോലും സര്‍ക്കാരിനെതിരാക്കി. നേരത്തെ സ്പ്രിങഌ ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളില്‍ നിന്ന് താല്‍ക്കാലികമായി തടിയൂരാനായെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുകയും പ്രതിപക്ഷം മേല്‍കൈനേടുകയും ചെയ്തു. ഇതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും പുറത്തു വന്നു തുടങ്ങി. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ സ്പ്രിങഌറും ബാറുകളിലെ മദ്യവില്പനയും ഉള്‍പ്പെടെയുള്ള വിഷയങ്ങളും വരും ദിവസങ്ങളില്‍ സര്‍ക്കാരിനെ തിരിഞ്ഞു കൊത്തും. പാര്‍ട്ടി അണികളും മറിച്ച് ചിന്തിക്കാന്‍ തുടങ്ങും. ഈ തിരിച്ചറിവാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ വലിയ വിവാദമാക്കി ശ്രദ്ധതിരിക്കാനുള്ള പ്രേരക ഘടകം.
്മാര്‍ച്ച് പകുതിയോടെയാണ് മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ആരോഗ്യ രംഗത്ത് വികസിത രാജ്യത്തിനൊപ്പം നില്ക്കുന്ന കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതിന്റെ പ്രതിഫലനം ഉണ്ടായി. എന്നാല്‍ ക്രഡിറ്റ് ആരോഗ്യമന്ത്രിക്ക് പോകുന്നുവെന്ന് ബോധ്യമായതോടെ മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താ സമ്മേളനം ആരംഭിച്ചു.
ആരോഗ്യ മന്ത്രിക്കും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും ഏറെ കരുതലോടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാതെ മാസ്ക്കില് അവര്‍ ഒതുങ്ങി. പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് വലിയ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സ്പ്രീങഌ ഡാറ്റാ കച്ചവട വിവാദം. ഈ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി.കമ്പിയും പരാമര്‍ശിക്കപ്പെട്ടു. പെട്ടന്ന് മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് അവധി കൊടുത്തു. മുഖ്യമന്ത്രി ഒളിച്ചോടിയതായി വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് അദ്ദേഹം വീണ്ടും വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. സ്പ്രിങഌ ഉള്‍പ്പെടെയുള്ള വിവാദങ്ങളെകുറിച്ച് അന്നെല്ലാം ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട വിഷയത്തിനപ്പുറത്തേക്ക് കടക്കില്ലെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നു.
പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി മുല്ലപ്പള്ളി
തിരുവനന്തപുരം: താന്‍ നടത്തിയ പ്രസംഗത്തില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ പരാമര്‍ശിക്കുന്ന ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. സര്‍ക്കാരിന്റെ അവകാശ വാദത്തില്‍ കഴമ്പില്ലെന്ന് പറയാനാണ് ശ്രമിച്ചത്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് അവകാശികള്‍ ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരാണ്. പ്രസ്താവനയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. തുല്യതക്ക് വേണ്ടി പോരാട്ടം നടത്തുന്ന ആളാണ് താന്‍. രാജകുമാരി എന്നും റാണി എന്നും പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു. സത്യത്തിന്റെ പാതയില്‍ മാത്രമെ സഞ്ചരിച്ചിട്ടുള്ളു. ലിനി മരിച്ച സമയത്ത് താനാണ് ഭര്‍ത്താവ് സജീഷിനെ ആദ്യം വിളിച്ചത്. അത് അദ്ദേഹം മാറ്റി പറയുന്നെങ്കില്‍ പറയട്ടെ. മരിച്ച ലിനിക്ക് മരണാനന്തര ബഹുമതി നല്കാന് എം.പി എന്ന നിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിപ്പ രോഗം വന്ന സമയത്ത് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.