തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന ആനാട് സ്വദേശി മുങ്ങി. ഇയാള്‍ക്കെതിരെ ക്വാറന്റീന് ലംഘനത്തിന് പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിനുത്തരവിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത്. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇയാള്‍ കടന്ന് കടന്നുപോയതെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കയറി ആനാട് എത്തുകയായിരുന്നു. ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും പഞ്ചായത്തു പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് ആനാട് ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി രോഗി പറഞ്ഞു. പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആനാട് എത്തി.
തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ആശുപത്രി അധികൃതരുമായി സഹകരിച്ചിരുന്നില്ലെന്നും വിവരമുണ്ട്. കോവിഡ് രോഗികള്‍ കഴിയുന്ന ഐസൊലേഷന്‍ വാര്‍ഡിന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കരുതുന്നത്. ആനാട് എത്തിയ ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതായി ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു. ഫയര്‍ഫോഴ്സ് ഇവിടെ അണുനശീകരണത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സുരേഷ് അറിയിച്ചു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.