അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കോവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ്(38) ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ മരിച്ച ആനാട് സ്വദേശി ഉണ്ണി(33)യെപ്പോലെതന്നെ ഇയാളും മദ്യാപാനാസക്തിയുള്ള ആളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഇയാള്‍ക്കുണ്ടായിരുന്നു എന്നാണ് സൂചന. ഇന്നലെ രാവിലെ 11.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉണ്ണി തൂങ്ങിമരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
കോവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ഉണ്ണി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ചൊവ്വാഴ്ച മുങ്ങിയിരുന്നു. ആസ്പത്രി വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ദിശയുടെ വാഹനത്തില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു. തമിഴ്നാട്ടില്‍നിന്നു മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഉണ്ണിക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞ മാസം 28ന് രാത്രിയിലാണ് ജില്ലാ ആസ്പത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്.
രണ്ട് സംഭവത്തിലും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അന്വേഷണത്തിനുത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച സംഭവിച്ചിച്ചുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ മനുഷ്യാവകാശകമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്.