ഏട്ടാ.. ദാ മാസ്‌ക്ക്; ഇത് ഇട്ടിറ്റ് പോ..

32
തുവാല കെട്ടിയ സഞ്ചരിച്ച സൈക്കിള്‍ യാത്രികന്‍ കേഡറ്റുകള്‍ നല്‍കിയ മാസ്‌ക് ധരിക്കുന്നു

തൃക്കരിപ്പൂര്‍: ലോക്ക് ഡൗണില്‍ ഇളവേറിയതോടെ മാസ്‌ക് ധരിക്കാതെ ടൗണിലെത്തിവര്‍ക്ക് സൗജന്യമായി മാസ്‌ക് വിളിച്ചുനല്‍കി തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്പിസി കേഡറ്റുകളുടെ മാതൃക. കാല്‍നടയായും സെക്കിളുകളിലും ബൈക്കുകളിലും മാസ്‌ക്ക് ഇല്ലാതെ വരുന്നവരെ അവരവര്‍ക്ക് ചേരുന്ന ഉപചാര സംബോധനയോടെയാണ് കുട്ടികള്‍ നീട്ടിവിളിച്ചത്.
കോവിഡിനെ പേടിക്കാതെ പൊലീസിനെ മാത്രം പേടിച്ച് മാസ്‌ക് ധരിച്ചിരുന്നവരായിരുന്നു ഇവരിലധികവും. മാസ്‌ക് ധരിക്കാതെ കണ്ടവരെ വിളിച്ചുനിര്‍ത്തി മാസ്‌ക് നല്‍കി ബോധവല്‍ക്കരിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ കടന്നു പോകുന്നവര്‍ക്ക് ഈ കുരുന്നുകളുടെ വിളി കേള്‍ക്കാതിരിക്കാനുമായില്ല. അറുപത്തഞ്ച് കഴിഞ്ഞിട്ടും ടൗണിലെത്തിയ വല്യച്ഛന്‍മാരെ പുറത്തിറങ്ങാതിരിക്കണമെന്നുപദേശിക്കാന്‍ കുരുന്നുകള്‍ കൂട്ടമായെത്തി. പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി ടൗണിലെത്തിയവരും കുരുന്നുകളുടെ അഭ്യര്‍ത്ഥന മാനിക്കാമെന്നുറപ്പ് നല്‍കിയാണ് മടങ്ങിയത്.
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ അവരവരുടെ വീടുകളില്‍ സ്വയം നിര്‍മിച്ച മുന്നൂറോളം മാസ്‌കുകളാണ് സൗജന്യമായി കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ ടൗണിലും മത്സ്യമാര്‍ക്കറ്റിലും പരിസരത്തും കേഡറ്റുകള്‍ വിളിച്ചു നല്‍കിയത്. നാട കെട്ടുന്ന മാസ്‌കുകളേക്കാള്‍ ഇലാസ്റ്റിക് ഉള്ള മാസ് കുകള്‍ക്കായിരുന്നു പ്രിയമേറെ.
നാല് ബാച്ചുകളായായിരുന്നു ഇവരുടെ നിസ്തുല്യയ സേവനം. മാസ്‌കിന് പകരം തുവാല ധരിച്ചവരെയും മാസ്‌ക് കഴുത്തില്‍ തൂക്കിയവരോടും താഴ്മയോടെ പറയാന്‍ കേഡറ്റുള്‍ മറന്നില്ല. ആജ്ഞയേക്കാള്‍, എളിമയോടെയുള്ള അഭ്യര്‍ത്ഥനക്ക് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. തൃക്കരിപ്പൂര്‍ ടൗണ്‍, ബസ് സ്റ്റാന്റ്, മത്സ്യ മാര്‍ക്കറ്റ്, വെള്ളാപ്പ് റോഡ് എന്നിവിടങ്ങളിലാണ് മാസ്‌ക് വിതരണവും ബോധവത്കരണവും നടന്നത്.
എസ്പിസി ക്യാപ്റ്റന്‍ സി ദേവനന്ദയുടെ നേതൃത്വത്തില്‍ കെവി സിപിന്‍, സി ദീപ്‌തേഷ്, സി പഞ്ചമി ,ടി തേജശ്രീ, നിരുപം സായി, മുഹമ്മദ് നജാദ്, ഒടി ഉസ്മാന്‍ അലി, ഹരിനന്ദന്‍ എന്നിവരും അധ്യാപകരായ കെവി മധുസൂദനന്‍, പി രത്‌നാകരന്‍ എന്നിവരും ഉദ്യമത്തില്‍ പങ്കെടുത്തു.