ഒമാനിലെ മുസന്ദമിലുള്ളവര്‍ ഇരട്ടക്കുടുക്കില്‍

ദുബൈ/മുസന്ദം: യുഎഇയുടെ അടുത്തു കിടക്കുന്ന ഒമാന്റെ ഭൂപ്രദേശമായ മുസന്ദം ദ്വീപില്‍ കഴിയുന്നവര്‍ ഇരട്ടക്കുടുക്കിലാണിപ്പോഴുള്ളത്. യുഎഇയുടെ വിസിറ്റ് വിസയിലുള്ള ഏതാനും പേരാണ് കോവിഡ് 19 മൂലമുണ്ടായ അതിര്‍ത്തിയടക്കലില്‍ മുസന്ദമില്‍ അകപ്പെട്ടിരിക്കുന്നത്. ഒമാനി വിസയുള്ളവരില്‍ പലരും തങ്ങളുടെ ഭാര്യമാരെയും ബന്ധുക്കളെയും സാധാരണ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാറുള്ളത് യുഎഇയുടെ വിസിറ്റ് വിസയിലാണ്. എന്നാലിവര്‍ താമസിക്കുന്നത് മുസന്ദമിലാണ്. യുഎഇയും ഒമാനും തമ്മിലുള്ള നയതന്ത്ര സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വികസനാര്‍ത്ഥം ഇങ്ങനെയൊരു സൗകര്യം നിലവിലുള്ളത്. ഇതു പ്രകാരമാണ് നിരവധി പേര്‍ യുഎഇ വിസിറ്റ് വിസയില്‍ ആളുകളെ കൊണ്ടു വന്ന് മുസന്ദമില്‍ കഴിയുന്നത്. പ്രത്യേക അനുമതി പ്രകാരം താമസിക്കാനും പാസ് പുതുക്കിക്കൊണ്ട് ഇരു അതിര്‍ത്തികളും കടക്കാനും സാധിക്കുമായിരുന്നു. എന്നാല്‍, കോവിഡ് 19 മൂലം അതിര്‍ത്തി അടച്ചപ്പോള്‍ യുഎഇയുമായി ബന്ധപ്പെടാന്‍ ഇവര്‍ക്കാകുന്നില്ല. യാത്രാനുമതിയും എയര്‍ ടിക്കറ്റും കാണിച്ചാല്‍ പുറത്തു കടക്കാമെങ്കിലും പിന്നെ തിരിച്ച് മുസന്ദമിലേക്ക് പോകാനാവില്ലെന്നതാണ് നിലവിലെ സാഹചര്യം. ഇക്കാരണത്താല്‍, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് പോലും പോകാനാകുന്നില്ല. യുഎഇ വിസയിലുള്ള ഇവര്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതു വരെ അധികൃതരില്‍ നിന്നും വിളി എത്തിയിട്ടില്ല. ഇന്റര്‍നാഷണല്‍ റോമിംഗ് നിരക്ക് ബാധകമായതിനാല്‍ ഫോണ്‍ ചെയ്യാന്‍ പോലും വലിയ ബാധ്യതയാവുകയാണ്. മാസങ്ങളായി ജോലിയില്ലാത്തതിനാല്‍ താമസവും നിത്യ ചെലവും പ്രയാസത്തിലാണെന്നും എയര്‍ ടിക്കറ്റിന് പോലും വകയില്ലെന്നും ഇവര്‍ പറയുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണിവര്‍. ഇതിനിടെ, ഒമാന്‍ വിസയില്‍ മുസന്ദമില്‍ താമസിച്ചിരുന്ന 30ലധികം ഇന്ത്യക്കാരെ എംബസി പ്രത്യേക കപ്പല്‍ മുഖേന നാട്ടിലേക്ക് അയച്ചിരുന്നു. തങ്ങള്‍ക്കും നാട്ടിലെത്താന്‍ വഴി തേടുകയാണ് മുസന്ദമിലുള്ളവര്‍. എംബസിയില്‍ നിന്ന് വിളി വന്നാല്‍ പോലും അതിര്‍ത്തി കടക്കാനാവില്ലല്ലോയെന്ന പ്രയാസത്തിലാണിവര്‍.
മുസന്ദമില്‍ അകപ്പെട്ടവരുടെ യാത്രാനുമതിക്കായി ശുപാര്‍ശ നല്‍കാനാവശ്യപ്പെട്ട് നാട്ടിലെ എംപിമാര്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഇമെയില്‍ സന്ദേശം അയച്ചതായി ദുബൈ-താനൂര്‍ മണ്ഡലം കെഎംസിസി ഭാരവാഹികളായ സലീം ബാബു, ടി.പി ബഷീര്‍, ഹംസ ഹാജി, ഷമീം ചെറിയമുണ്ടം എന്നിവര്‍ അറിയിച്ചു.

-ഷരീഫ് മലബാര്‍