യുഎഇക്ക് ആശ്വാസം: ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചത് 304 പേര്‍ക്ക് മാത്രം

    അബുദാബി: കോവിഡ് 19മായി ബന്ധപ്പെട്ട് ഇനിയുള്ള നാളുകള്‍ യുഎഇയില്‍ നിന്നും പുറത്തു വരുന്നത് ആശ്വാസത്തിന്റേതായിരിക്കുമെന്ന പ്രത്യാശ വര്‍ധിപ്പിച്ച് ഞായറാഴ്ചത്തെ റിസള്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
    ഞായറാഴ്ച 304 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 43,000 പേരില്‍ നടത്തിയ പരിശോധനയിലാണ് 304 പേര്‍ക്ക് മാത്രം രോഗം കണ്ടെത്തിയതെന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കൊറോണക്കെതിരെ യുഎഇ നടത്തി വരുന്ന പോരാട്ടത്തിന്റെ വിജയമാണ് ഇത് സൂചിപ്പിക്കുന്നത്.
    701 പേര്‍ക്കാണ് രോഗം ഭേദപ്പെട്ടതായി രേഖപ്പെടുത്തിയത്. ഒരാളുടെ മരണമാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 289 പേരാണ് ഇതു വരെ യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. മൊത്തം 42,294 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 27,462 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്.
    വിപുലമായ പരിശോധന ആരംഭിച്ച ആദ്യ ദിനങ്ങളില്‍ 800നു മുകളില്‍ രോഗം സ്ഥിരീകരിച്ച ദിവസങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോല്‍ 304 ആയി ചുരുങ്ങിയെന്നത് വന്‍ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.