ഫുജൈറ: യുഎഇ കെഎംസിസിയുടെ കോവിഡ് കാലത്തെ സേവന വീഥിയിലെ നാഴികക്കല്ലാകുന്ന ഉദ്യമവുമായി നാഷണല്‍ കമ്മിറ്റി. പുതിയ ദൗത്യത്തിന്റെ പ്രഖ്യാപനം നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് നിര്‍വഹിച്ചു. യുഎഇയില്‍ നിന്നും നാടണയാന്‍ കാത്തിരിക്കുന്നവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് തീര്‍ത്തും സൗജന്യ യാത്രക്കുള്ള അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനം ജൂണ്‍ 30ന് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും.
യുഎഇയില്‍ കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഏറ്റവും കുറഞ്ഞ വേതനക്കാര്ക്കായാണ് പ്രത്യേക വിമാനത്തില്‍ സൗജന്യ യാത്രക്ക് സൗകര്യം നല്‍കുന്നത്. 1,000 ദിര്‍ഹമിലും താഴെയുള്ള വേതനത്തില്‍ ജോലി ചെയ്തിരുന്നവരോ, അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ടവരോ ആയവര്‍ക്ക് ഈ വിമാനത്തില്‍ സീറ്റുകള്‍ക്ക് അപേക്ഷിക്കാം. ജോലി തേടി വന്ന 30 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും ഗാര്‍ഹിക വിസയില്‍ വന്ന് ജോലി നഷ്ടപ്പെട്ടവര്ക്കുമായിരിക്കും ബാക്കി സീറ്റുകള്‍. ഇരുനൂറോളം സീറ്റുകളുള്ള വിമാനമാണ് യാത്രക്ക് തയാറെടുക്കുന്നത്.
യുഎഇ കെഎംസിസി ഒരുക്കുന്ന ഈ വിമാനത്തില്‍ സൗജന്യ യാത്ര താല്പര്യപ്പെടുന്നവരും അര്‍ഹരായവരെ അറിയുന്നവരും അവരവരുടെ എമിറേറ്റുകളിലെ കെഎംസിസി നേതൃത്വവുമായി ബന്ധപ്പെടണം. യുഎഇ കെഎംസിസിയുടെ കീഴിലെ ഏഴു എമിറേറ്റ്സ് കമ്മിറ്റികളെയും അല്‍ ഐന്‍ കമ്മിറ്റിയെയുമാണ് സൗജന്യ യാത്ര അര്‍ഹിക്കുന്നവരുടെ രേഖകള്‍ പരിശോധിച്ച് അക്കാര്യം ഉറപ്പു വരുത്താനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കീഴ് കമ്മിറ്റികള്‍ നല്കുന്ന ക്രമത്തില്‍ സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് അനുവദിക്കും. പ്രവാസികളിലെ ഏറ്റവും അര്‍ഹരായവര്‍ക്ക് വേണ്ടി ഒരുക്കുന്ന ഈ സേവനം യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്നെ ലഭ്യമാക്കാനാണ് യുഎഇ കെഎംസിസി നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ വച്ചതെന്നും പുത്തൂര്‍ വ്യക്തമാക്കി. സൗജന്യ വിമാന യാത്ര ആഗ്രഹിക്കുന്നവരും അര്‍ഹിക്കുന്നവരും അവരുമായി ബന്ധപ്പെട്ടവരും എത്രയും വേഗം വിവിധ എമിറേറ്റുകളിലെ കെഎംസിസി നേതൃത്വവുമായി ബന്ധപ്പെട്ട് രേഖകള്‍ കൈമാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.