സന്തോഷാശ്രുവുമായി അവര്‍ മടങ്ങി; കെഎംസിസിയുടെ അടുത്ത വിമാനം വെള്ളിയാഴ്ച

റാസല്‍ഖൈമ: യുഎഇ യില്‍ നിന്ന് കേരളത്തിലേക്ക് യാത്ര പുറപ്പെട്ട ആദ്യ കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തവര്‍ സന്തോഷത്തിന്റെ കണ്ണീര്‍ പൊഴിച്ചാണ് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നത്. ജോലിയാവശ്യാര്‍ത്ഥം യുഎഇയിലെത്തിയ തൃശൂര്‍ സ്വദേശിനി മിനി ജോലിയന്വേഷിച്ച് തുടങ്ങിയപ്പോഴാണ് കോവിഡ് 19 വന്നത്. പിന്നീട് പുറത്തിറങ്ങി ജോലി തേടിപ്പോകാന്‍ സാധിക്കാതായി. അതോടെ, എല്ലാം കൊണ്ടും ബുദ്ധിമുട്ടായതോടെ നാട്ടിലേക്ക് പോകാനായി നോര്‍കയിലും എംബസിയിലും രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ വിവരമറിഞ്ഞത്. എല്ലാവിധ സഹായങ്ങളും കെഎംസിസിയുടെ ആളുകള്‍ തനിക്ക് ചെയ്തു തന്നുവെന്നും ജോലിയില്ലാതെ പ്രയാസപ്പെടുന്ന വലിയൊരു നരക യാതനയിലാണ് ഇങ്ങനെയൊരു യാത്ര കെഎംസിസി ഒരുക്കിയതെന്നതിനാല്‍, അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും മിനി മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
22 വര്‍ഷമായി യുഎഇയിലുള്ള അഷ്‌റഫ് നാട്ടിലേക്ക് മടങ്ങുന്നത് കണ്ണീരില്‍ തന്നെയാണ്. അഷ്‌റഫിന്റെ ഭാര്യ യുഎ ഇയില്‍ മരിക്കുകയും മയ്യിത്ത് ആരുമില്ലാതെ കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കയക്കുകയും ചെയ്തിരുന്നു. സ്വന്തം ഭാര്യയുടെ ഖബറിടത്തിലേക്ക് ഒരു പിടി മണ്ണിടാന്‍ പോലും ഭാഗ്യമില്ലാതെ പോയി. കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഒരവസരം കിട്ടിയപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷം. ഭാര്യ മരിച്ചിട്ട് പോലും പോകാന്‍ സാധിച്ചില്ല. കൂടാതെ, പല അസുഖത്തിന്റെയും പിടിയിലാണ് താനെന്നും കൊയിലാണ്ടി സ്വദേശിയായ അഷ്‌റഫ് പറഞ്ഞു.
ചികിത്സക്ക് നാട്ടിലേക്ക് മടങ്ങുന്ന ഒരുപാടാളുകള്‍, ഗര്‍ഭിണികള്‍, പ്രായമേറിയവര്‍, അങ്ങനെ നിരവധി പേരുടെ സന്തോഷത്തിന്റെ ദിനമായിരുന്നു ബുധനാഴ്ച. നാട്ടിലേക്ക് പോകാന്‍ അവസരം കിട്ടിയതിന്റെ സന്തോഷാശ്രുക്കളോടെയാണ് 159 പേര്‍ മടങ്ങിയിരിക്കുന്നത്.
കെഎംസിസിയുടെ അടുത്ത ചാര്‍ട്ടേര്‍ഡ് വിമാനം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്നും പറക്കും.