യുഎഇയിലെ മുഴുവന്‍ സഞ്ചാര നിയന്ത്രണങ്ങളും നീക്കി

  1339

  പകല്‍ ആര്‍ക്കും രാജ്യമുടനീളം സഞ്ചരിക്കാം

   

  ജലീല്‍ പട്ടാമ്പി 

  ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ സഞ്ചാര നിയന്ത്രണങ്ങളും ഒഴിവാക്കി. ദേശീയ അണുനശീകരണ യജ്ഞം പൂര്‍ത്തിയായതോടെയാണ് ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങളെല്ലാം എടുത്തു മാറ്റിയത്. ഇനി പകല്‍ നേരത്ത് ആര്‍ക്കും രാജ്യമുടനീളം യാത്ര ചെയ്യാനാകും. ഇതു വരെ ദേശീയ അണുനശീകരണ പ്രോഗ്രാം നടക്കുന്ന സമയത്ത് വീടുകളില്‍ തന്നെ തങ്ങാനായിരുന്നു അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. ഇത് ദുബൈയില്‍ രാത്രി 11 മുതല്‍ രാവിലെ 6 മണി വരെയും മറ്റു എമിറേറ്റുകളില്‍ രാത്രി 10 മുതല്‍ രാവിലെ 6 മണി വരെയുമായിരുന്നു.
  രാജ്യത്തെ പൊതു സൗകര്യങ്ങളിലും ഗതാഗത ഉപാധികളിലും ദേശീയ അണുനശീകരണ പ്രോഗ്രാം ബാധകമാക്കിയിരുന്നു. പൊതു കെട്ടിടങ്ങള്‍ അണുമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജെന്‍സി മാനേജ്‌മെന്റ് അഥോറിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. ബുധനാഴ്ച രാത്രി വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലാണ് അല്‍ദാഹിരി ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബൈ മെട്രോ ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങള്‍ അടക്കമുള്ള പൊതു ഉപയുക്തതകള്‍ അണുമുക്തമാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

   

  കുട്ടികള്‍ക്ക് ഷോപ്പിംഗ് സെന്ററുകളിലൊത്താം, ജാഗ്രത തുടരണം

  12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മാളുകളിലും റെസ്‌റ്റോറന്റുകളിലും വരാം. അതേസമയം, മാസ്‌കുകളും ഗ്‌ളൗസുകളും ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊണ്ടായിരിക്കണം ജനങ്ങളുടെ സഞ്ചാരമെന്നും എല്ലാവരും ഇനിയുമങ്ങോട്ടും ശ്രദ്ധ പുലര്‍ത്തണമെന്നും അല്‍ദാഹിരി ഉണര്‍ത്തി.

   

  പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

  പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും അവ ജനങ്ങള്‍ പാലിക്കണമെന്നും അല്‍ദാഹിരി പറഞ്ഞു. അവ താഴെ പറയും പ്രകാരം:
  ഒരു കാറില്‍ (ഫാമിലി കാര്‍ അല്ലെങ്കില്‍) മൂന്നു പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവുകയുള്ളൂ. പൊതു സംഗമങ്ങള്‍ ഇനിയും നിരോധിച്ചു തന്നെയാണുള്ളത്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ കുടുംബങ്ങളെ സന്ദര്‍ശിക്കല്‍ ഒഴിവാക്കുന്നത് ഉത്തമമാണ്. വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ മാസ്‌കും ഗ്‌ളൗസും നിര്‍ബന്ധമായും ധരിക്കണം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഇതു വരെ നടപ്പാക്കിയ നിയമം തുടരും. ലംഘനങ്ങള്‍ക്കുള്ള പിഴ കുറ്റക്കാര്‍ക്കെതിരെ നടപ്പാക്കുകയും ചെയ്യും.

  Tolerance Bridge, a new pedestrian bridge spanning Dubai Water Canal, Business Bay, Dubai, United Arab Emirates, Middle East

  ദുബൈക്കാര്‍ക്ക് മുന്‍കരുതലുകളോടെ എപ്പോഴും പുറത്തിറങ്ങാം

  നാഷണല്‍ അഥോറിറ്റി ഫോര്‍ എമര്‍ജെന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്ിന്റെ തീരുമാനത്തിനനുസൃതമായി ദുബൈയിലെ സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എമിറേറ്റിലെ ദേശീയ അണുനശീകരണ പ്രോഗ്രാം അവസാനിച്ചതായി ബുധനാഴ്ച പ്രഖ്യാപിച്ചു. ദുബൈയിലുള്ളവര്‍ക്ക് മുന്‍കരുതലുകളെടുത്ത് കൊണ്ട് എപ്പോഴും പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

   

  അവസാനിച്ചത് മൂന്നു മാസം നീണ്ട അടച്ചിടല്‍

  ദേശീയ അണുനശീകരണ പ്രോഗ്രാം അവസാനിച്ചതോടെ അറുതിയായത് മൂന്നു മാസം നീളുന്ന അടച്ചിടലിനാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയാനായി പൊതു അണുനശീകരണ പ്രോഗ്രാമിനായി മാര്‍ച്ച് 26 മുതല്‍ 29 വരെയാണ് യുഎഇയില്‍ ആദ്യമായി ത്രിദിന നിര്‍ബന്ധിത കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രാത്രി 8 മുതല്‍ രാവിലെ 6 മണിയായിരുന്ന ഈ കര്‍ഫ്യൂ സമയത്ത് പൊതുജനങ്ങള്‍ക്ക് അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല. തുടര്‍ന്ന്, സ്ട്രീറ്റുകളും പൊതു ഉപയുക്തതകളും അണുമുക്തമാക്കാനായി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ രാജ്യമുടനീളം രാത്രി 8 മുതല്‍ രാവിലെ 6 വരെ സഞ്ചാര നിയന്ത്രണം നടപ്പാക്കി. പൊതുജനങ്ങളെയാകെ പരിശോധിക്കാനും അണുമുക്തമാക്കലിനുമായി ദേരയിലെ അല്‍റാസിലേക്കുള്ള വരവും പോക്കും അടച്ചു. മെട്രോ, ബസുകള്‍, ടാക്‌സികള്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയവ അണുമുക്തമാക്കി. അതേസമയം, ഷോപ്പിംഗ് സെന്ററുകളും റെസ്‌റ്റോറന്റുകളും അടഞ്ഞു തന്നെ കിടന്നു. വിശുദ്ധ റമദാന്‍ ആരംഭത്തോടെ ഏപ്രില്‍ 23 മുതല്‍ പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം കുറച്ചു. രാത്രി 10 മുതല്‍ രാവിലെ 6 വരെയാക്കി ഇതിന്റെ സമയം നിജപ്പെടുത്തി. മാളുകളും റെസ്‌റ്റോറന്റുകളും 30 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ക്രമേണ നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നതിന്റെ പര്യവസാനമാണ് ബുധനാഴ്ചയോടെ സംഭവിച്ചിരിക്കുന്നത്.