അബുദാബി: യുഎഇയില്‍ വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് അനുമോദനങ്ങളുടെ മധുരിക്കുന്ന വാക്കുകളുമായി യുഎഇ മന്ത്രി.
യുഎഇയുടെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഇന്ത്യക്കാരാണെന്ന് യുഎഇ മനുഷ്യ വിഭവ-ഇമാറാത്തി വകുപ്പ് മന്ത്രി നാസര്‍ ബിന്‍ ഥാനി അല്ഹംലി അഭിപ്രായപ്പെട്ടു. പ്രമുഖ ഇന്ത്യന്‍ ദിനപത്രമായ ‘ഹിന്ദുസ്ഥാന്‍ ടൈംസി’ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
200ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്ന യുഎഇയില്‍ ഇന്ത്യക്കാരുടെ സേവനം പ്രത്യേകം എടുത്തു പറയാതിരിക്കാനാവില്ല. ഇരു രാജ്യങ്ങളുടെയും സാംസ്കാരിക കൈമാറ്റം, വാണിജ്യം തുടങ്ങി സര്‍വ മേഖലകളിലും അഭിമാനകരമായി ചരിത്രം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലുലു ഇന്റര്‍നാഷണല്‍, ജംബോ ഇലക്ട്രോണിക്സ്, ജെംസ് എഡ്യുകഷന് തുടങ്ങിയ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ യുഎഇയുടെ വാണിജ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ നല്കിയ സംഭാവനകള്‍ വില മതിക്കാനാവാത്തതാണ്.
ഇന്ത്യക്കാരുടെ സിനിമ, ഭക്ഷണ രീതി, സാംസ്കാരിക പരിപാടികള്‍, വിദ്യാഭ്യാസം, കായിക-വിനോദങ്ങള്‍ തുടങ്ങി എല്ലാ രംഗങ്ങളും യുഎഇയുമായി ഇഴ ചേര്‍ന്നു കഴിഞ്ഞതാണ്. യുഎഇയുടെ സാമ്പത്തിക രംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കുന്നതിലും ഇന്ത്യക്കാരുടെ പങ്കുണ്ടായിട്ടുണ്ട്. വൈറ്റ് കോളര്‍-ബ്ളൂ കോളര്‍ ഇന്ത്യക്കാര്‍ നല്കിയ സേവനങ്ങള്‍ വിസ്മരിക്കാനാവില്ല.
കോവിഡ് കാലത്ത് ലോകമെങ്ങുമുണ്ടായിട്ടുള്ള പ്രയാസങ്ങളുടെ ഭാഗമായി യുഎഇയിലും വിവിധ മേഖലകളില്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, യുഎഇ അവരെ കൈ വെടിയില്ല. അവര്‍ക്ക് സൗജന്യ കോവിഡ് പരിശോധനയും രോഗബാധിതര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ മേഖലകളിലും ഇവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ട്. വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നതിലും കൃത്യമായ നടപടികളാണ് സ്വീകരിച്ചത്.