ഉമ്മുല്‍ഖുവൈന്‍ കെഎംസിസിയുടെ കാരുണ്യ ഹസ്തം തോട്ടം തൊഴിലാളികളിലേക്കും

  40

  ഉമ്മുല്‍ഖുവൈന്‍: യുഎക്യു കെഎംസിസി ഉമ്മുല്‍ഖുവൈനിലെ കാബര്‍ മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. മനോഹരമായ തോട്ടം മേഖലയാണ് കാബര്‍. നിറയെ ചുവന്ന മണല്‍ക്കൂനകളും തോട്ടങ്ങളും പരന്നു കിടക്കുന്ന മരുഭൂമിയും ഈ പ്രദേശത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. വര്‍ഷക്കാലത്താണ് കാബര്‍ കാണാന്‍ ഏറെ ഭംഗി. തോട്ടങ്ങളെല്ലാം കൃഷി യോഗ്യമാകുന്നതോടെ കാബര്‍ മുഴുവന്‍ പച്ചപ്പരവതാനി വിരിക്കും. ഒരുവിധം പച്ചക്കറികളെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. കാബറിലേക്ക് വരവേറ്റത് അത്യുഷ്ണത്തോടെയായിരുന്നു. ശിരസ്സില്‍ നിന്ന് താഴേക്ക് വരുന്ന ഓരോ വിയര്‍പ്പു തുള്ളികള്‍ക്കും ഒരു കുടത്തിന്റത്ര വലുപ്പമുണ്ടായിരുന്നു.
  ചൂടില്‍ നിന്നും രക്ഷ നേടാന്‍ സ്വന്തം നിഴലിനെ പോലും തിരയേണ്ട അവസ്ഥ. ചൂടിന്റെ കാഠിന്യം കാരണം ആരെയും പുറത്ത് കാണുന്നില്ല.
  ഒട്ടുമിക്ക തൊഴിലാളികളും താമസിക്കുന്നത് ചെറിയ കുടിലുകളിലാണ്. ഷീറ്റുകള്‍ കൊണ്ടു മറച്ച ഒറ്റ മുറികള്‍. ഓരോ വീടുകളിലും ചെന്ന് വാതിലുകളില്‍ മുട്ടി വിളിച്ച് കിറ്റുകള്‍ കൈമാറി.
  കിറ്റുകള്‍ വാങ്ങുന്നവരുടെ മനസ്സില്‍ നിറഞ്ഞ സന്തോഷം മുഖങ്ങളില്‍ കാണാന്‍ കഴിഞ്ഞു. പിന്നെ ആത്മാര്‍ത്ഥമായ അവരുടെ പ്രാര്‍ത്ഥനയും ലഭിച്ചുവെന്ന് യുഎക്യു കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.
  ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് റാഷിദ് പൊന്നാണ്ടി, ജന:സെക്രട്ടറി അഷ്‌കര്‍ അലി തിരുവത്ര, ട്രഷറര്‍ റഷീദ് വെളിയംകോട്, ഓര്‍ഗ.സെക്രട്ടറി അബ്ദുള്ള താനിശ്ശേരി, മുഹമ്മദ് എം.ബി, അഷ്‌റഫ് ചിത്താരി, അബ്ദുള്ള അക്തര്‍, കോയകുട്ടി പുത്തനത്താണി, മുസ്തഫ സി പ്പി, മുനവ്വര്‍ ഫലാജ്, ഉണ്ണീന്‍കുട്ടി തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.