യു.ഡി.എഫ് പഞ്ചായത്ത്‌സെക്രട്ടറിക്ക് നിവേദനംനല്‍കി

കിഴക്കേപുരക്കല്‍ റോഡില്‍ സ്ഥാപിച്ച ഗേറ്റ് മാറ്റി സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കുന്നു

കരിപ്പമണ്ണയിലെ വിവാദറോഡ് തുറക്കണം

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കരിപ്പമണ്ണ 16 വാര്‍ഡിലെ ഗേറ്റ് വെച്ച് അടച്ച കിഴക്കേപുരക്കല്‍ റോഡ് തുറന്നുകൊടുക്കാത്തില്‍ വ്യാപക പ്രധിഷേധം.റോഡ് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചു. യു.ഡി.എഫ്, സി.പി.ഐ, ബി.ജെ.പി, ബി.ഡി.ജെ.എസ് നേതാക്കളാണ് ആവശ്യം ഉന്നയിച്ച് വെള്ളിയാഴ്ച്ച സെക്രട്ടറിയുടെ ചേമ്പറില്‍ എത്തിയത്. റോഡിന് കുറുകെ സ്ഥാപിച്ച ഗേറ്റും രണ്ട് കുടുംബങ്ങള്‍ക്ക് തടസ്സമാകുംവിധം കെട്ടിയ കമ്പിവേലിയും നീക്കി സഞ്ചാരസ്വാതന്ത്ര്യം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനംനല്‍കി. നേരത്തെ ഗ്രാമപഞ്ചായത്ത് അംഗം പി.സി.കുഞ്ഞിരാമനും, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കുടുംബങ്ങളും ചേര്‍ന്ന് ജില്ലാകലക്ടര്‍,ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതിനല്‍കിയിരുന്നു.
അതേസമയം ആറ്റാശ്ശേരി മേല്‍മുറിവീട്ടില്‍ ചന്ദ്രന്റെഭാര്യ രാജി നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ പ്രശ്‌ന പരിഹാര അതോറിറ്റി ആന്വേഷണം നടത്തി സെക്രട്ടറി റോഡ് തുറന്നുകൊടുക്കാന്‍ കിഴക്കേപുരക്കല്‍വീട്ടില്‍ അറുമുഖന് രേഖാമൂലം കത്ത് നല്‍കിയിരുന്നു.പരാതിക്കാരുടെയും എതിര്കക്ഷികളുടെയും വാദം കേട്ട് സ്ഥല പരിശോധന നടത്തിയതില്‍ നിന്നും പരാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡ് തുറന്ന് കൊടുക്കാന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും, വില്ലേജ്, എല്‍.എസ്.ജി.ഡി വിഭാഗങ്ങളില്‍ നിന്നും അന്തിമരേഖകള്‍ ലഭിക്കുന്ന മുറക്ക് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഭരണ സമിതി യോഗത്തില്‍ റോഡ് പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ മെയ് 24നാണ് കിഴക്കേപുരക്കല്‍ റോഡ് തങ്ങളുടെ സ്വകാര്യ റോഡ് ആണെന്ന് അവകാശപ്പെട്ട് ഒരുവിഭാഗം ഇരുവശങ്ങളും കമ്പിവേലി കെട്ടി ഗേറ്റ് സ്ഥാപിച്ചത്. യു.ഡി.എഫ് നേതാക്കളായ പി.എ തങ്ങള്‍, പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍, പി.അശോകന്‍,സുരേഷ്, പി.കുഞ്ഞുമുഹമ്മദ്, കെ.എം.ഹനീഫ, പി.സി കുഞ്ഞിരാമന്‍, എന്‍.ഹംസ, ഹബീബ് തങ്ങള്‍, അനസ് പൊമ്പറ, ഷീബ പാട്ടതൊടി എന്നിവര്‍ചേര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനംനല്‍കിയത്.