യു.ഡി.എഫിന്റെ ‘ലൈറ്റ്‌സ് ഓഫ് കേരള’ ഇന്ന് രാത്രി ഒമ്പത് മണിക്ക്

8

പ്രതിഷേധം കെ.എസ്.ഇ.ബിയുടെ കൊള്ളക്കെതിരെ

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ അമിതമായ ബില്ല് അടിച്ചേല്‍പിച്ച് വൈദ്യുത ബോര്‍ഡ് നടത്തുന്ന കൊള്ളക്ക് എതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന ‘ലൈറ്റ്‌സ് ഓഫ് കേരള’ എന്ന സമരപരിപാടി അനുസരിച്ച് രാത്രി ഒമ്പത് മണിക്ക് മൂന്ന് മിനിറ്റ് നേരം എല്ലാവരും വൈദ്യുതി വിളക്കുകള്‍ കെടുത്തി പ്രതിഷേധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. അമിതബില്ലുകള്‍ സംബന്ധിച്ച് ഏകദേശം രണ്ട് ലക്ഷത്തോളം പരാതികള്‍ വൈദ്യുതി ബോര്‍ഡിന് ലഭിച്ചിട്ടും 5000 പരാതികളില്‍ മാത്രമാണ് വസ്തുതയുള്ളത് എന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഇത് പകല്‍ കൊള്ളയാണ്. ഈ കൊള്ളയടി അവസാനിപ്പിക്കണമെന്ന നിര്‍ദേശം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വൈദ്യുതി ബോര്‍ഡ് നീതീകരണമില്ലാത്ത നിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നത്. അതില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയാണ് യു.ഡി.എഫ് ലൈറ്റ്‌സ് ഓഫ് കേരള എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.