മുക്കം: ശരീരം തളര്‍ന്ന് കിടപ്പിലായവരുടെയും മുച്ചക്ര വാഹനത്തില്‍ ജീവിതം തള്ളിനീക്കുന്നവരുടെയും വരുമാനമാര്‍ഗം വഴിമുട്ടി. കോവിഡ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കുടകള്‍ ഉള്‍പ്പെടെ നിര്‍മ്മാണ വസ്തുക്കള്‍ വിറ്റഴിക്കാനിടമില്ലാതായതോടെയാണ് ഇവരുടെ ജീവിതമാര്‍ഗം വഴിമുട്ടിയത്. മഴക്കാലമാകുമ്പോഴും സ്കൂളുകള്‍ തുറക്കുമ്പോഴുമുള്ള കുട വില്‍പ്പനയായിരുന്നു ഓരോ വര്‍ഷവും ഇവരുടെ പ്രധാന വരുമാന മാര്‍ഗം. ഇത്തവണയും പതിവുപോലെ കുടകള്‍ നിര്‍മ്മിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ മഹാമാരിയില്‍ കുടകള്‍ വിറ്റഴിക്കാനാവാതെ ബുദ്ധിമുട്ടിലാണ്ടിരിക്കുകയാണ്. ബസ് സ്റ്റാന്റുകളും വിദ്യാലയങ്ങളുമായിരുന്നു പ്രധാന വിപണനകേന്ദ്രം. പൊതുപരിപാടികളിലും മറ്റിടങ്ങളിലും മുച്ചക്ര വാഹനത്തില്‍ സഞ്ചരിച്ചും വില്‍പ്പന നടത്താറുണ്ടായിരുന്നു. വിറ്റഴിക്കുന്നതില്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരും സന്നദ്ധ സംഘടനകളും കൈത്താങ്ങാ കാറുമുണ്ട്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ എല്ലാം മുടങ്ങിയിരിക്കുകയാണ്. സോപ്പ്, ഫാന്‍സി സാധനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും നടക്കുന്നില്ല. നിര്‍മ്മാണ ചെലവ് താങ്ങാനാകാത്തതായതിനാല് ബാങ്കില്‍ നിന്നു ലോണെടുത്തും വ്യക്തികളില്‍നിന്നു കടം വാങ്ങിയുമാണ് നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയത്. വിറ്റ ശേഷം തിരിച്ചടക്കലാണ് പതിവ്. കുടകള്‍ വില്‍പ്പന നടക്കാത്ത പക്ഷം കടക്കെണിയില്‍ വീഴുമെന്നും ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് കുടകള്‍ എത്തിച്ചു കൊടുക്കുമെന്നും പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരില്പെട്ട ഷമീര്‍ ചേന്ദമംഗല്ലൂര്‍ (9645861715), മുഹമ്മദലി മുരിങ്ങം പുറായി (9847192013) എന്നിവര്‍ പറഞ്ഞു. സുമനസ്സുകളുടെ വിളിയിലാണ് ഇനി ഇവരുടെ പ്രതീക്ഷയും ജീവിതോപാധിയും.