യൂണിയന്‍ കോപ് അല്‍ബദാ കൊമേഴ്‌സ്യല്‍ സെന്റര്‍ പദ്ധതി 20% പൂര്‍ത്തിയായി

 യൂണിയന്‍ കോപ് അല്‍ബദാ കൊമേഴ്‌സ്യല്‍ സെന്റര്‍ പ്രൊജക്ട് രൂപരേഖ

ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഉള്‍പ്പെടുന്ന പ്രൊജക്ട് നിര്‍മാണ ചെലവ് 4 കോടി 39,000 ദിര്‍ഹം

ദുബൈ: അല്‍ബദായിലെ കൊമേഴ്‌സ്യല്‍ സെന്റര്‍ പദ്ധതി 20 ശതമാനം പൂര്‍ത്തിയായതായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്പിന്റെ നിക്ഷേപ വിഭാഗം വെളിപ്പെടുത്തി. യൂണിയന്‍ കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കാനും സമൂഹത്തിലെ കൂടുതല്‍ ആളുകളിലേക്കും ഓഹരി ഉടമകളിലേക്കും സേവനങ്ങള്‍ എത്തിക്കാനും ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാനുമായാണ് അല്‍ബദായിലെ കൊമേഴ്‌സ്യല്‍ സെന്റര്‍ പ്രൊജക്ട് വിഭാവന ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് വേറിട്ട ഷോപ്പിംഗ് അനുഭവം സാധ്യമാക്കാനായി അന്താരാഷ്ട്ര തലത്തിലെ സവിശേഷതകളോട് കൂടിയുള്ള ശാഖകള്‍ വിന്യസിച്ച് കൊണ്ട് ഈ ഉദ്ദേശ്യം നേടാനാണ് യൂണിയന്‍ കോപ് പദ്ധതിയിടുന്നത്. ഇതിലൂടെ എമിറേറ്റിലെ ചരക്ക് സംഭരണവും രാജ്യത്തിന്റെ പൊതുവായ ചരക്ക് സംഭരണവും ഏഴ് ശതമാനം വരെ വര്‍ധിപ്പിക്കാനും സാധിക്കും.
ദ്രുതഗതിയിലുള്ള വളര്‍ച്ചയും വ്യാപനവും പിന്തുണക്കാനുള്ള പദ്ധതി യൂണിയന്‍ കോപ് തുടരുകയാണെന്ന് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു.

സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി

 

ഓഹരി ഉടമകള്‍ക്ക് ഏറ്റവും മികച്ച പ്രയോജനങ്ങള്‍ നേടാനും ഉല്‍പന്നങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാനും സമൂഹത്തിലെ അംഗങ്ങള്‍ക്കായി വിലനിലവാരം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംവര്‍ഷങ്ങളില്‍ അബുദാബി, അല്‍ ഐന്‍, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ യൂണിയന്‍ കോപ് പദ്ധതി തയാറാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അല്‍ബദാ പ്രൊജക്ട് നടപ്പാക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരം പാലിക്കാനായി ഏറ്റവും നൂതനമായ നിര്‍മാണ രീതി പ്രയോഗിക്കാനാണ് ശ്രദ്ധ ചെലുത്തുന്നത്.
അല്‍വസ്ല്‍ റോഡിന് അഭിമുഖമായി വരുന്ന രീതിയിലാണ് രണ്ട് നിലകളുള്ള അല്‍ബദായിലെ പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഉള്‍പ്പെടുന്ന അല്‍ബദായിലെ പ്രൊജക്ടിന് ഏകദേശം 4 കോടി 39,000 ദിര്‍ഹമാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്.
105,970 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍ എന്നിവിടങ്ങളിലായി 61 പാര്‍ക്കിംഗ് സ്‌പേസുകള്‍ ഒരുക്കും. 25,484 ചതുരശ്ര അടി അല്ലെങ്കില്‍ 2,367 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള യൂണിയന്‍ കോപ്പിന്റെ സൂപര്‍ മാര്‍ക്കറ്റ് ഒന്നാം നിലയിലാണുള്ളത്. 2021 ജനുവരിയോട് കൂടി പ്രൊജക്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.