വി.നന്ദകുമാര്‍ ലുലു ഗ്രൂപ്പിന്റെ പുതിയ മാര്‍ക്കറ്റിംഗ്-കമ്യൂണികേഷന്‍സ് ഡയറക്ടര്‍

236
വി. നന്ദകുമാര്‍

ദുബൈ: ലുലു ഗ്രൂപ് സ്ഥാപനങ്ങളുടെ പുതിയ മാര്‍ക്കറ്റിംഗ്-കമ്യൂണികേഷന്‍സ് ഡയറക്ടറായി വി.നന്ദകുമാറിനെ പ്രഖ്യാപിച്ചു. നിലവില്‍ ലുലു ഗ്രൂപ് ചീഫ് കമ്യൂണികേഷന്‍സ് ഓഫീസര്‍ പദവിയില്‍ നിന്നാണ് അദ്ദേഹത്തെ പ്രമോഷനോടെ പുതിയ മാര്‍ക്കറ്റിംഗ്-കമ്യൂണികേഷന്‍സ് ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.
ഹൈപര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഹോസ്പിറ്റാലിറ്റി-ഫുഡ് പ്രോസസ്സിംഗ് എന്നീ മേഖലകളിലായുള്ള ലുലു ഗ്രൂപ്പിന്റെ ഗ്‌ളോബല്‍ മാര്‍ക്കറ്റിംഗിന്റെയും കമ്യൂണികേഷന്‍സിന്റെയും ഡിജിറ്റല്‍-സോഷ്യല്‍ മീഡിയ-സിഎസ്ആര്‍ എന്നിവയുടെയും മുഖ്യ ചുമതല പുതിയ പദവിയോടെ നന്ദകുമാറിനാണ്.
ലുലു ഗ്രൂപ്പിലെത്തുന്നതിന് മുന്‍പ് ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങിയ വന്‍കിട മാധ്യമ ഗ്രൂപ്പുകളില്‍ നന്ദകുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി നന്ദകുമാര്‍ ലുലു ഗ്രൂപ്പിലുണ്ട്. ലുലു ഗ്രൂപ്പിന്റെ വിവിധ പോര്‍ട്‌ഫോളിയോകളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നു വരികയായിരുന്നു.
റീടെയില്‍-മാര്‍ക്കറ്റിംഗ് വ്യവസായ മേഖലയിലെ അറിയപ്പെടുന്ന ജനപ്രിയ വ്യക്തിത്വം കൂടിയായ നന്ദകുമാറിനെ മിഡില്‍ ഈസ്റ്റിലെ 5 ഉന്നത മാര്‍ക്കറ്റിംഗ് പ്രൊഫഷനലുകളിലൊരാളായി മുന്‍നിര ബിസിനസ് മാഗസിനായ ഫോബ്‌സ് അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.