വംശീയതക്കെതിരെ അണയാത്ത രോഷം വൈറ്റ് ഹൗസിലേക്ക് പതിനായിരങ്ങളുടെ റാലി;

15
ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ് ബാങ്ക്‌സി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രീകരണം

പ്രതിഷേധ ചിത്രീകരണവുമായി ബ്രിട്ടീഷ് ആര്‍ടിസ്റ്റ് ബാങ്ക്സി

വാഷിങ്ടണ്‍: ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം അമേരിക്കയില്‍ ആളിപ്പടരുകയാണ്. 12-ാം ദിവസവും തുടരുന്ന പ്രതിഷേധം രാജ്യത്തിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന വംശീയ വിദ്വേഷത്തിനെതിരായ രോഷമാണ് തെരുവുകളില്‍ പ്രതിധ്വനിക്കുന്നത്. അമേരിക്കയിലെ മിനിയാപ്പൊളിസില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം ഇന്ന് ലോകമാകെ പടര്‍ന്നിരിക്കുകയാണ്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിക്കാണ് ഞായറാഴ്ച വാഷിങ്ടണ്‍ സാക്ഷ്യംവഹിച്ചത്. രാജ്യതലസ്ഥാനമായ വാഷിങ്ടണില്‍ നടന്ന ജനകീയ റാലിയില്‍ പതിനായിരക്കണക്കിനാളുകളാണ് അണിനിരന്നത്. വൈറ്റ് ഹൗസിന് സമീപമാണ് ജനക്കൂട്ടം ഒത്തുചേര്‍ന്നത്. വൈറ്റ് ഹൗസിന് നേരെ നീങ്ങിയ പ്രക്ഷോഭകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. വൈറ്റ് ഹൗസിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്താണ് തടഞ്ഞത്. മുമ്പ് പല ദിവസങ്ങളില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപത്ത് എത്തിയിരുന്നു. പ്രതിഷേധത്തെ പിന്തുണക്കുന്ന നിലപാടാണ് വാഷിങ്ടണ്‍ മേയര്‍ മുറിയേല്‍ ബൗസര്‍ സ്വീകരിക്കുന്നത്. വൈറ്റ് ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കണ്‍ സ്മാരകത്തിലും ലഫായെത്ത് പാര്‍ക്കിലും ഒത്തുകൂടിയവരെ മേയര്‍ സ്വാഗതം ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ് ഒഴുകിയെത്തിയ ജനക്കൂട്ടമെന്ന് മേയര്‍ പറഞ്ഞു. നേരത്തെ വൈറ്റ് ഹൗസിന് മുന്നിലെ തെരുവിന് മേയര്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്ലാസ എന്ന് പേര് നല്‍കിയിരുന്നു. തെരുവിലെ പ്രധാന റോഡില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന് മഞ്ഞ നിറത്തില്‍ പെയിന്റ് ചെയ്തുവെക്കുകയും ചെയ്തു.
മെയ് 25-നാണ് മിന്നെസോട്ട സംസ്ഥാനത്തെ മിനിയാപൊളിസില്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന 46കാരന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. വെള്ളക്കാരനായ ഡെറെക് ചൗവിന്‍ എന്ന പോലീസുകാരന്‍ ഫ്ലോയിഡിന്റെ കഴുത്തില്‍ എട്ട് മിനിറ്റ് 46 സെക്കന്‍ഡ് സമയം കാല്‍മുട്ട് അമര്‍ത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണ് അമേരിക്കയിലെങ്ങും പ്രതിഷേധം പടര്‍ന്നത്. രാജ്യത്തെ 140 നഗരങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചത്. 12 ദിവസം പിന്നിടുമ്പോഴും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിനും പ്രക്ഷോഭത്തിന്റെ തീവ്രതക്കും ഒരു കുറവുമുണ്ടായിട്ടില്ല. അമേരിക്കക്ക് പുറത്ത് ബ്രിട്ടനിലും വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. മധ്യ ലണ്ടനില്‍ വംശീയ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പതിനാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ബ്രിട്ടീഷ് ആര്‍ടിസ്റ്റ് ബാങ്ക്സി ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രസ്ഥാനത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ താന്‍ ഒരുക്കിയ കലാസൃഷ്ടി പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. കറുപ്പു പ്രതലത്തില്‍ ഒരുക്കിയ ചിത്രീകരണത്തില്‍ ഒരു അജ്ഞാത രൂപം ഫ്രെയിമിലാക്കിയും അമേരിക്കന്‍ പതാകക്ക് കീഴില്‍ മെഴുകുതിരി കത്തിച്ച് പതാകക്ക് തീകൊളുത്തുന്നതുമായ ചിത്രീകരണമാണ് തയ്യാറാക്കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.