അടച്ചുറപ്പുള്ള വീടില്ല.. മുടന്തേന്‍പാറ പട്ടികജാതി കോളനിയില്‍ ആറ് കുടുംബങ്ങള്‍ക്ക് നരകജീവിതം

24
മുടന്തേന്‍ പാറ പട്ടികജാതി കോളനിയിലെ കുടിലുകളില്‍ താമസിക്കുന്നവര്‍
മുടന്തേന്‍ പാറ പട്ടികജാതി കോളനിയിലെ കുടിലുകളില്‍ താമസിക്കുന്നവര്‍

വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയില്‍ രണ്ട് മാസം പ്രായമായ കൈകുഞ്ഞ് ഉള്‍പ്പെടെയുള്ള ആറ് കുടുംബങ്ങള്‍ വീടില്ലാത്തതിനാല്‍ നരകയാതനയില്‍ കഴിയുന്നു. പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട ആറ് കുടുംബങ്ങളാണ് ഓലകൊണ്ടും തുണികള്‍ കൊണ്ടും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും നിര്‍മ്മിച്ച വീടുകളില്‍ കൈകുഞ്ഞുങ്ങളുമായി കഴിയുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 2,19,154വീടുകള്‍ നിര്‍മ്മിച്ചു നല്‍കി എന്ന് മുഖ്യ മന്ത്രി പറഞ്ഞ സംസ്ഥാനത്താണ് ഇപ്പോഴും ചെറ്റക്കുടിലില്‍ കഴിയുന്ന കാസര്‍കോട് വെസ്റ്റ് എളേരി മുടന്തേന്‍ പാറ കോളനിയിലെ ഈ മനുഷ്യര്‍. കോളനിയിലെ പള്ളിവീട്ടില്‍ സുധ സുരേഷ്, മഞ്ജു അജേഷ്, പ്രജിന ബിജു, കല്യാണി, സുനി, രാജു.എന്നീ കുടുംബങ്ങള്‍ ക്കാണ് നിസാര കാരണങ്ങളുടെ പേരില്‍ ഇപ്പോഴും പഞ്ചായത്ത് വീട് നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ചെറ്റ കുടിലില്‍ കഴിയുന്ന സുധ സുരേഷിന് രണ്ട് മക്കളുമുണ്ട്. ഇതില്‍ മൂത്ത കുട്ടി വള്ളിക്കടവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മല മുകളിലെ മണ്‍ ചെരുവില്‍ മണ്‍ തറയില്‍ പ്ലാസ്റ്റിക് ഷീറ്റിലാണ് ഈ വിദ്യാര്‍ത്ഥി അന്തിയുറങ്ങുന്നത്. പേനകളും പെന്‍സിലും വിഴുങ്ങുന്ന മണ്‍ തറയില്‍ ഇരുന്ന് പഠിക്കുന്ന ഈ മിടുക്കന് ഇപ്പോള്‍ ഒരു അനുജത്തി കൂടിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ തകര്‍ന്ന സുധയുടെ വീട് അയല്‍ വാസികളാണ് ഓലയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് പുനര്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇവരുടെ തൊട്ടടുത്താണ് പ്രജിന ബിജുവിന്റെയും വീട്. ഈ വീടും ഏത് സമയത്തും നിലം പൊത്താമെന്ന അവസ്ഥയിലാണ്.
രണ്ട് മാസം പ്രായമായ കുഞ്ഞിനെ അപകടാവസ്ഥയിലായ ഈ വീടിന്റെ തൂണില്‍ കെട്ടിയ തുണി തൊട്ടിലിലാണ് കിടത്തിയിരി ക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രജിനയും ബിജുവും ഈ വീട്ടില്‍ കിടന്ന് നരകിക്കുന്നു. ഇവര്‍ക്കും രണ്ട് കുട്ടികളുണ്ട്. മഞ്ജു അജേഷിന്റ വീടും സുധയുടെയും പ്രജിനയുടെയും വീടിന് സമാനമാണ്. ഓലയും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മ്മിച്ച വീടിന്റ ഭിത്തിയും ഓല കൊണ്ട് തന്നെ യാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൈ കുഞ്ഞടക്കം രണ്ട് പിഞ്ചു കുട്ടികള്‍ ഇവര്‍ക്കുമുണ്ട്. 40-ഓളം കുടുംബങ്ങള്‍ ഉള്ള മുടന്തേന്‍ പാറ കോളനിയില്‍ ചുരുക്കം ചില വീടുകള്‍ മാത്രമേ വീടെന്ന് പറയുവാനുള്ളു. പഞ്ചായത്തിന്റെ വീട് പലര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങളാല്‍ ഒന്നും പൂര്‍ത്തിയായില്ല. ഇതിന്റെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചു വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനു വാര്‍ഡ് മെമ്പറുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് കോളനിയിലെ യുവജന വിഭാഗം നേതാവും പാരമ്പര്യ വൈദ്യനുമായ ഉമേഷ് മുടന്തേന്‍ പാറ പറഞ്ഞു.
പൂര്‍ത്തിയാവാത്ത
റോഡ്
നിലവില്‍ വരക്കാട് പറമ്പ റോഡില്‍ നിന്നും മുടന്തേന്‍ പാറ യിലേക്ക് ടാര്‍ റോഡ് ഉണ്ടെങ്കിലും ഇതിന് ഭയങ്കര കയറ്റമാണ്. മുടന്തേന്‍ പാറയിലുള്ളവര്‍ പുങ്ങം ചാലില്‍ നിന്നും മാലോത്ത് നിന്നും ഓട്ടോ റിക്ഷയിലും ജീപ്പിലുമാണ് യാത്ര ചെയ്യുന്നത്. 70രൂപ മുതല്‍ 100രൂപ വരെയാണ് ഓട്ടോയുടെ ഇവിടേക്കുള്ള മിനിമം ചാര്‍ജ്. ജീപ്പാണെങ്കില്‍ ഇതിന്റെ രണ്ട് ഇരട്ടിയും. സ്‌കൂള്‍ കുട്ടികള്‍ക്ക് ഗോത്ര സാരഥി വാഹനം ഉള്ളതിനാല്‍ കോളനിയിലെ കുട്ടികളുടെ പഠനം തടസ്സ പെടുന്നില്ല. കോളനിയില്‍ നിന്നും എളുപ്പത്തില്‍ ബസ് ഗതാഗതം ഉള്ള വരക്കാട് പറമ്പ റോഡിലേക്ക് ഒരു കിലോ മീറ്റര്‍ പോലും ദൂര മില്ല. എന്നാല്‍ ഈ റോഡ് കാല്‍നട യാത്രക്ക് പോലും പറ്റാത്ത സ്ഥിതിയിലാണ്. നിലവിലെ പഞ്ചായത്ത് അംഗത്തിന്റെ വീടിനോട് ചേര്‍ന്ന് പോകുന്ന റോഡ് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം ടാര്‍ ചെയ്ത് ഗതാഗത യോഗ്യ മാക്കുമെന്നു പറയുമെങ്കിലും പിന്നീട് ആരുംഇക്കാര്യം പറയാറില്ലെന്നു കോളനിയിലെ കുഞ്ഞിരാമന്‍ പറഞ്ഞു. റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യ മാക്കി യാല്‍ റേഷന്‍ സാധങ്ങള്‍ വാങ്ങാന്‍ ഉള്‍പ്പെടെയുള്ള അവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ഇവര്‍ക്ക് അനുഗ്രഹമാകും.
കുടിവെള്ളത്തിനും നെട്ടോട്ടം
അടിസ്ഥാന സൗകര്യങ്ങള്‍ കോളനിയില്‍ ഒരുക്കിയെന്നു മേനി പറയുന്ന ആള്‍ക്കാര്‍ ഇവിടെയുള്ള സാധുജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത് അറിഞ്ഞു കാണില്ല. കിലോമീറ്ററുകള്‍ക്ക് അകലെ നിന്നും കോട്ട മലക്കടുത്തെ സര്‍ക്കാര്‍ വനത്തില്‍ നിന്നും പൈപ്പ് വഴിയാണ് മുടന്തേന്‍ പാറ ക്കാര്‍ വേനല്‍ കാലത്ത് കുടിവെള്ളം കണ്ടെത്തുന്നത്. സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് എല്ലാവരും പൈപ്പ് വാങ്ങിയത്. പൈപ്പ് വഴി വരുന്ന വെള്ളം മലമുകളില്‍ മണ്‍ കുഴി ഒരുക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് സംഭരിക്കുന്നത്. പഞ്ചായത്ത് ഇവര്‍ക്ക് കുടിവെള്ള വിതരണ ടാങ്ക് പോലും നല്‍കിയിട്ടില്ല. വേനല്‍ കാലത്ത് വെസ്റ്റ് എളേരി പഞ്ചായത്തിലെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഈ കോളനി.
വകുപ്പ് മന്ത്രിയും
പറഞ്ഞു പറ്റിച്ചു
വികസനം ഉണ്ടെന്ന് പുറം ലോകം പറയുമ്പോഴുംകഷ്ട്ട പാടുകള്‍ നിറഞ്ഞ ജീവിതം വിവരിച്ചു മുടന്തേന്‍ പാറ കോളനിയിലെ ഊര് മൂപ്പന്‍ മൂന്ന് വര്‍ഷം മുമ്പ് വകുപ്പ് മന്ത്രി എകെ. ബാലനെ നേരിട്ട് കണ്ട് നിവേദനം നല്‍കിയിരുന്നു. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ബളാലില്‍ നടന്ന ആദി വാസി സംഗമത്തിനിടെയാണ് എം രാജഗോപാല്‍ എം.എല്‍എ മുമ്പാകെ അന്നത്തെ ഊര് മൂപ്പന്‍ രാഘവന്‍ തങ്ങളുടെ പരാതി അവതരിപ്പിച്ചത്. പരാതി കേട്ട മന്ത്രി മുടന്തേന്‍ പാറയിലെ മലവേട്ടുവ വിഭാഗത്തില്‍ പ്പെട്ട വര്‍ക്ക് നല്‍കിയ വാഗ്ദാനം ചെറുതല്ല. ശിങ്കാരി മേളം നടത്താനുള്ള ചെണ്ട മുതല്‍ താമസിക്കാനുള്ള വീടു വരെ യായിരുന്നു അന്ന് ബളാലില്‍ നടന്ന ആദി വാസി സംഗമത്തില്‍ വെസ്റ്റ് എളേരി മുടന്‍തേന്‍പാറയിലെ ആദിവാസി വിഭാഗത്തില്‍ പ്പെട്ട മലവെട്ടുവര്‍ക്ക് പട്ടിക ജാതി പട്ടികവര്‍ഗ മന്ത്രി എകെബാലന്‍ വാഗ്ദാനംനല്‍കിയത്. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ടു യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് മുടന്തേന്‍ പാറ നിവാസികള്‍ പറയുന്നു.