അബുദാബി: യുഎഇയിലെ സേവന കാലത്ത് പ്രവാസികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി നെതര്‍ലാന്റ്സില്‍ തിരക്കിലാണ്. കോവിഡ് കാലത്ത് ഹോളണ്ടിലെ പ്രവാസികളെ ഇന്ത്യയിലെത്തിക്കുകയെന്ന മഹത്തായ ദൗത്യത്തില്‍ വേണു വ്യാപൃതനാണ്. കഴിഞ്ഞ ദിവസം കെഎല്‍എം വിമാനമാണ് ആംസ്റ്റര്‍ഡാമില്‍ നിന്നും ഡല്‍ഹിയിലേക്ക് 313 ഇന്ത്യക്കാരെ കൊണ്ടു പോയത്. ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി എയര്‍പോര്‍ട്ടില്‍ ദേശീയ പതാക വീശി പ്രവാസികളെ യാത്രയയച്ചു. രണ്ടേ കാല് ലക്ഷത്തോളം ഇന്ത്യക്കാരാണ് നെതര്ലാന്റ്സിലുള്ളതെങ്കിലും സ്ഥാനപതി എന്നും എവിടെയും നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വത്തിനുടമയാണ്. 2007 മുതല്‍ 2010 വരെയുള്ള ദുബൈയിലെ സേവന കാലത്ത് പ്രവാസികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുകയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെ യ്തിരുന്നു. സാധാരണക്കാരുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ദുബൈയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്ക് മടങ്ങിയ അദ്ദേഹം 2012 മുതല്‍ 2017 വരെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയുടെ മാധ്യമ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പിന്നീട് 2017 ജൂണില്‍ നെതലാന്റ്സ് അംബാസഡറായി നിയമിതനാവുകയായിരുന്നു. നേരത്തെ ഇദ്ദേഹം യുഎഇ അംബാസഡറായേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും നിയമനം നെതര്ലാന്റ്സിലേക്കായിരുന്നു. വിദേശ കാര്യ സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുന്‍പ് 1983-’86 കാലഘട്ടത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായിരുന്ന വേണു മികച്ച ഗ്രന്ഥകാരന് കൂടിയാണ്.
നേരത്തെ, യുഎഇയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ പുസ്തകം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അറിബിയിലും ഇതിന്റെ പതിപ്പ് പുറത്തിറങ്ങിയിരുന്നു. നെതര്ലാന്റ്സിലെത്തിയ ശേഷം ഇന്തോ-നെതര്‍ലാന്റ്സ് ബന്ധത്തെ കുറിച്ചും മനോഹരവും പഠനാര്‍ഹവുമായ ഗന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി.