ഒരു ദിവസം മാത്രം താമസ വിസാ കാലാവധിയുള്ളവര്‍ക്കും യുഎഇയിലേക്ക് മടങ്ങാമെന്ന്

    ദുബൈ: ഒരു ദിവസം മാത്രം താമസ വിസാ കാലാവധിയുള്ളവര്‍ക്കും യുഎഇയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍. വിദേശ രാജ്യത്തേക്ക് മടങ്ങാന്‍ മൂന്നു മാസ കാലാവധി നിര്‍ബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശത്തില്‍ ആശങ്കയും പ്രതിഷേധവും ശക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിശദീകരണം നല്‍കുകയായിരുന്നു. മൂന്നു മാസ വിസാ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശത്തിലാണ് ആശങ്ക വേണ്ടെന്നറിയിച്ച് കോണ്‍സുലേറ്റ് വിശദീകരണരം നല്‍കിയത്. മടങ്ങാനായില്ലെങ്കില്‍ ആയിരക്കണക്കിനാളുകള്‍ക്ക് ജോലി നഷ്‌പ്പെടുന്ന സാഹചര്യമാണുണ്ടാവുക.
    ഇക്കാര്യം കേന്ദ്ര അധികൃതരെ അറിയിച്ചിരുന്നെന്നും പ്രവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് മറുപടി ലഭിച്ചതെന്നും വിപുല്‍ കൂട്ടിച്ചേര്‍ത്തു.
    മാര്‍ച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പോലും ഡിസംബര്‍ 31 വരെ കാലപരിധി യുഎഇ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം എമിഗ്രേഷന്‍ അധികൃതരെ അറിയിക്കുമെന്നും പ്രവാസികള്‍ ഭയപ്പെടേണ്ടതില്ലെന്നും വിപുലിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.