വിസാ സേവന അപേക്ഷകളിലെ വിവരങ്ങള്‍ വ്യക്തമായിരിക്കണം: ദുബൈ എമിഗ്രേഷന്‍

മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

ദുബൈ: ദുബൈയില്‍ വിസാ സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ വ്യക്തമായ വിവരങ്ങള്‍ തന്നെ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ദുബൈ എമിഗ്രേഷന്‍ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ്) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മര്‍റി പൊതുജനങ്ങളെ ഓര്‍മപ്പെടുത്തി. വകുപ്പിന്റെ സ്മാര്‍ട്ട് ചാനല്‍, ദുബൈയിലെ ആമര്‍ സെന്ററുകള്‍ എന്നിവയിലൂടെ സേവനങ്ങള്‍ തേടുന്നവര്‍ അവ്യക്തമായ വിവരങ്ങളും മേല്‍വിലാസങ്ങളും നല്‍കിയാല്‍ തുടര്‍ നടപടികള്‍ക്ക് കാലതാമസം വരുന്നുണ്ട്. ഇതൊഴിവാക്കാനായാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് വകുപ്പ് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നത്. ശരിയായ വിവരങ്ങള്‍ വിസാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എമിഗ്രേഷന്‍ വകുപ്പിലേക്ക് സമര്‍പ്പിക്കുന്ന രേഖകളില്‍ ശരിയായ മേല്‍വിലാസങ്ങള്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം കൃത്യമാണെന്ന് അപേക്ഷ ടൈപ് ചെയ്ത ശേഷം പരിശോധിച്ചുറപ്പു വരുത്തണം. ഒപ്പം, നല്‍കിയ പാസ്‌പോര്‍ട്ട് പേരിലെ വരികള്‍ക്കിടയിലെ സാമ്യത, പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തീയതി എന്നിവയെല്ലാം ഒറിജിനല്‍ രേഖകളിലുള്ളത് തന്നെയാണെന്ന് വീണ്ടും ഉറപ്പു വരുത്തുകയും വേണം. എന്നതിനു ശേഷം മാത്രമേ അപേക്ഷകള്‍ വകുപ്പിലേക്ക് സമര്‍പ്പിക്കാവൂവെന്ന് ജിഡിആര്‍എഫ്എ ഉണര്‍ത്തി.
അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ചാണ് തുടര്‍ നടപടിയു െഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്. അതുകൊണ്ടു തന്നെ, അപേക്ഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് സേവനം തേടുന്നവര്‍ എപ്പോഴും ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിലും ഏറ്റവും വേഗത്തിലാണ് ദുബൈയില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്.
ജനങ്ങള്‍ക്ക് സന്തോഷപൂര്‍വം സേവനങ്ങള്‍ നല്‍കാനാണ് ജിഡിആര്‍എഫ്എ ദുബൈ എപ്പോഴും ശ്രദ്ധിക്കുന്നത്. ചില സമയങ്ങളില്‍ ഉപയോക്താക്കള്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് മേല്‍ നടപടികള്‍ക്ക് കാലതാമസം വരുന്നുണ്ട്. അതുകൊണ്ടു തന്നെ, ഇക്കാര്യത്തില്‍ അപേക്ഷകന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മേജര്‍ ജനറല്‍ പറഞ്ഞു. മേല്‍വിലാസം ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത് ഉപയോക്താക്കളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഉണര്‍ത്തി.