ഇന്ത്യന്‍ ഡോക്ടര്‍ അല്‍ ഐനില്‍ കോവിഡ് ബാധിച്ച് മരിച്ചു

 

സൈനു
അല്‍ ഐന്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ഡോക്ടര്‍ അല്‍ ഐനില്‍ കോവിഡ് ബാധിച്ച് മരിച്ചു. ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെ ഡോ. സുധീര്‍ രംഭാവു വാഷിംകര്‍ (61) ആണ് മരിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ ചികില്‍സിക്കുന്നതില്‍ മുന്‍നിരയിലായിരുന്നു. 2018ലാണ് ഇന്റീരിയര്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായി ബുര്‍ജീല്‍ ആശുപത്രിയില്‍ സേവനം ആരംഭിച്ചത്. വിപിഎസ് ഗ്രൂപ്പിലെ വിദഗ്ധ ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു.
ഡോ. സുധീര്‍ വാഷിംകറിന്റെ മരണം അത്യന്തം വേദനാജനകമാണെന്ന് വിപിഎസ് ഹെല്‍ത് കെയര്‍ പ്രസ്താവനയില്‍ പറഞ്ഞു. അല്‍ ഐന്‍ ഹോസ്പിറ്റലില്‍ ജൂണ്‍ ആറിനാണ് കോവിഡ് 19 ചികില്‍സയിലിരിക്കെ മരിച്ചതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.
മൃതദേഹം അല്‍ ഐന്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.

ഡാ. സുധീര്‍ രംഭാവു വാഷിംകര്‍