ലോകത്ത് മരണം 4.36 ലക്ഷം; വൈറസ് കുട്ടികള്‍ക്ക് ഭീഷണിയെന്ന് യു.എന്‍

റഷ്യയും കോവിഡിനെ കീഴടക്കുന്നു

വാഷിങ്ടണ്‍/മോസ്‌കോ: ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു. 4,36,411 പേരാണ് ഇന്നലെ വൈകുന്നേരം വരെ മരണപ്പെട്ടത്. രോഗ ബാധിതരുടെ എണ്ണം 80 ലക്ഷം കടക്കുകയും ചെയ്തു. ലോകത്താകെ 213 രാജ്യങ്ങളിലായി 80,35,681 പേര്‍ക്കാണ് രോഗം പിടിപെട്ടത്. രോഗബാധിതരായവരില്‍ പകുതിയോളം ആളുകള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. 41,52,496 പേരാണ് കോവിഡില്‍ നിന്ന് മുക്തരായത്. 34,43,749 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 54,509 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
അമേരിക്കയിലും ബ്രസീലിലുമാണ് രോഗം അതിവേഗം പടരുന്നത്. അമേരിക്കയിലാണ് മരണസംഖ്യ ഏറ്റവും കൂടുതല്‍ 1,17,859 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 43,389 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യ കോവിഡിനെ കീഴടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 5.37 ലക്ഷം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 7,091 പേര്‍ മാത്രമാണ് മരണപ്പെട്ടത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ കോവിഡിനെ അതിജീവിക്കുകയാണെന്നാണ് റഷ്യ പറയുന്നത്. എന്നാല്‍ കുറഞ്ഞ മരണനിരക്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. യൂറോപ്പ് മുഴുവന്‍ രോഗബാധ രൂക്ഷമായതോടെ റഷ്യയിലും കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. പിന്നീട് റഷ്യയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്തിരുന്നു. തലസ്ഥാനമായ മോസ്‌കോയിലാണ് രോഗികളില്‍ പകുതിയിലേറെയും ഉള്ളത്. രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്ന രാജ്യങ്ങള്‍ അമേരിക്കയും ബ്രസീലും റഷ്യയും മാത്രമാണ്. എന്നാല്‍ ലോകം മാതൃകയെന്ന് പറഞ്ഞ ജര്‍മനിയിലേക്കാള്‍ മരണനിരക്ക് കുറവാണ് റഷ്യയില്‍. രോഗികളുടെ എണ്ണം ജര്‍മനിയിലേക്കാള്‍ മൂന്ന് മടങ്ങുണ്ട്. രണ്ട് ലക്ഷത്തിന് മുകളില്‍ രോഗികളുള്ള പെറു മാത്രമാണ് മരണക്കണക്കില്‍ റഷ്യക്ക് താഴെയുള്ളത്. കോവിഡ് മഹാമാരിക്കെതിരെ റഷ്യ വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞത്. ശക്തമായ പ്രതിരോധത്തിലൂടെ മരണസംഖ്യ പരമാവധി കുറക്കാനുള്ള സ്ഥിരതയാര്‍ന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു.
വൈറസ് മൂലം ലോകത്ത് അന്‍പതിനായിരത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടേക്കാമെന്ന് യു.എന്‍. ഈ വര്‍ഷാവസാനത്തോടെ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമായിട്ടായിരിക്കും ഇത്രെയധികം കുട്ടികള്‍ മഹാമാരിക്ക് കീഴടങ്ങേണ്ടി വരികയെന്ന് ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു.

ചൈനയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അടച്ചു
ബീജിങ്: കോവിഡിന്റെപ്രഭവ കേന്ദ്രമായ ചൈന ഒരു ഇടവേളക്ക് ശേഷം വീണ്ടും ആശങ്കയിലേക്ക്. ഒരു ഭക്ഷ്യ വിപണന കേന്ദ്രവുമായി ബന്ധപ്പെട്ട് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബീജിങിലെ പത്തിലേറെ സ്ഥലങ്ങള്‍ അടച്ചിട്ടു. തുടര്‍ച്ചയായി 50 ദിവസങ്ങളില്‍ ചൈനയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ശനിയാഴ്ച മാത്രം 36 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ചൈന വീണ്ടും വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ്.