മനസ് വെച്ചാല്‍ മഹാമാരിയും അകലും; വ്യായാമ മുറയിലിടം നേടുന്നു സൈക്കിള്‍ സവാരിയും
കണ്ണൂര്‍: സാങ്കേതിക മുന്നേറ്റത്തില്‍ കൈവിട്ടുപോയതാണ് സൈക്കിളും. പുത്തനൊരു സൈക്കിള്‍ വാങ്ങി, ചെത്തിപൊളിച്ചൊരു സവാരി.. പോയ തലമുറയുടെ ഉള്ളിലെ സ്വപ്നമായിരുന്നു. ട്രെന്റുകള്‍ മാറി മറിഞ്ഞിടത്ത് നിന്നാണ് സൈക്കിളും മൂലയിലൊതുങ്ങിയത്. സൈക്കിളിന്റെ സ്ഥാനത്ത് പൊളപ്പന്‍ ബൈക്കും കാറുമൊക്കെയായി മാറി. ഒടുവില്‍ സൈക്കിളിനെ തിരിച്ച് വിളിക്കുകയാണ് കാലം. ഒരു ദിവസം കുറച്ച് മണിക്കൂറുകള്‍ സൈക്കിളില്‍ കറങ്ങുന്നത് വ്യായാമമാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു ലോകം.
ആരോഗ്യം നിലനിര്‍ത്താന്‍ സൈക്കിള്‍ സവാരിയില്‍ സജീവമാകുകയാണ് ന്യൂജെന്‍ കാലത്തെ ബാല്യവും കൗമാരവും. ഹൃദയത്തിന്റെയും പേശികളുടെയും ആരോഗ്യത്തിനും അമിത വണ്ണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും പ്രധാന വ്യായാമ മുറയായി മാറുകയാണ് സൈക്ലിംഗ്. ഒരു മണിക്കൂര്‍ സൈക്കിളോടിക്കുന്നത് ഏകദേശം 400 മുതല്‍ 1000 വരെ കാലറി കരിച്ച് കളയാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശത്തിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തുക വഴി ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹവും വര്‍ധിപ്പിക്കും.
ഈ കോവിഡ് കാലത്ത് പ്രാധാന്യം കല്‍പ്പിച്ച വ്യായമ മുറകളില്‍ സൈക്കിള്‍ സവാരിക്ക് വിവിധ തലങ്ങളില്‍ നിന്ന് പിന്തുണയേറുകയാണ്. വ്യായമത്തോടൊപ്പം വിനോദവും സമന്വയിക്കുന്നു സൈക്ലിംഗില്‍.
നിയന്ത്രണങ്ങളുടെ കാലത്ത് കൂട്ടാകും സൈക്കിള്‍
അതിരാവിലെ എണീറ്റ് കുളിച്ച് ഫ്രഷായി ബസ് സ്റ്റോപ്പില്‍ ബസിന് കാത്തിരിക്കുന്നു. ബസുകളില്‍ പഴയ പോലെ അധികം ആളുകളെ കയറ്റാന്‍ നിര്‍വാഹമില്ല. ബസില്‍ കയറാന്‍ പറ്റുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. സാമൂഹിക അകലം പാലിച്ചാകാം യാത്രയെന്ന് കരുതുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ സമയത്ത് എത്തേണ്ടിടത്ത് എത്തുക ശ്രമകരമാണ്. ഈ സാഹചര്യത്തില്‍ സൈക്കിളിലെ യാത്ര തന്നെയാണ് ഉപകാരപ്രദം.
പ്രോത്സാഹിപ്പിക്കണം സൈക്കിള്‍ നമ്മുടെ നഗരങ്ങളിലും
ഇന്ത്യയില്‍ ഇന്ന് പല നഗരങ്ങളിലും സൈക്ലിംഗ് നല്ല രീതിയില്‍ പ്രോത്സാഹിക്കപ്പെടുന്നുണ്ട്. പല മള്‍ട്ടി നാഷണല്‍ കമ്പനികളും മുന്നോട്ട് വെക്കുന്നു ‘സൈക്കിള്‍ ടു വര്‍ക്ക്’ എന്ന ആശയം.
ഇന്ത്യയിലും പ്രചരിച്ച് വരികയാണ് ഈ ആശയം. സൈക്കിളിനായി ഷവര്‍ ഏരിയ ഉള്‍പ്പെടുത്തിയാണ് കമ്പനികള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും. ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈസിസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് സംഘടനയുടെ ലക്ഷ്യം 2030 ഓടെ 50 ശതമാനം പേരെ സൈക്ലിംഗിന്റെ ഭാഗമാക്കുകയാണ്.
സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിച്ച് കണ്ണൂരിന്റെ വെഹിക്കിള്‍ ഫ്രീ ഡേ’
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരലിലെണ്ണാവുന്നവര്‍ സൈക്കിളോടിച്ച കാലത്ത് നിന്ന് മാറുകയാണ് കണ്ണൂരും. കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങുന്ന സമയത്ത് ചുരുക്കം ചിലര്‍ മാത്രമാണ് സൈക്കിള്‍ ഉപയോഗിച്ചത്. ഇന്ന് ആ സ്ഥിതി മാറി. കഴിഞ്ഞ വര്‍ഷം കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബ് നടത്തിയ ‘വെഹിക്കിള്‍ ഫ്രീ ഡേ’ എന്ന പരിപാടിയില്‍ ജില്ലയിലുടനീളം മൂവായിരത്തോളം പേരാണ് പങ്കെടുത്തത്.
ഇപ്പോള്‍ കൂടുതല്‍ പേരിലേക്കെത്തി സൈക്കിള്‍ ഉപയോഗം. 12 ഓളം സൈക്ലിംഗ് യൂണിറ്റുകളുണ്ട്. വിവിധ വിദ്യാലയങ്ങളില്‍. സൈക്കിളിന്റെ പ്രാധാന്യത്തെ കുറിച്ച് നാടാകെ മനസിലാക്കി തുടങ്ങിയിരിക്കുന്നു.
ഗതാഗത കുരുക്ക് കുറക്കാം ഇന്ധന വിലയില്‍ പേടി വേണ്ട
സൈക്കിള്‍ ഉപയോഗം നഗരങ്ങളിലെ ഗതാഗത കുരുക്ക് ഗണ്യമായി കുറക്കുന്നതോടൊപ്പം നാള്‍ക്കുനാള്‍ ഉയര്‍ന്നു വരുന്ന ഇന്ധന വിലയിലും ആശങ്കയൊഴിവായി കിട്ടും. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച സാമൂഹിക അകലം പാലിക്കാനുമാകും. അന്തരീക്ഷ മലിനീകരണം കുറക്കാനുമാകും എല്ലാവരും ഒരേ സമയം സൈക്ലിംഗ് ശീലമാക്കിയാല്‍.
സാധ്യമാകും കണ്ണൂരിലും സൈക്ലിംഗ് ട്രാക്ക്
റോഷ്നി ഖാലിദ് കണ്ണൂര്‍ നഗരസഭാധ്യക്ഷയായ കാലത്താണ് സൈക്ലിംഗ് ട്രാക്കിന് വേണ്ടി ശ്രമം തുടങ്ങിയത്. നിവേദനം സമര്‍പ്പിച്ചു, പ്രവര്‍ത്തിച്ചു.
നിരന്തര പരിശ്രമം നടത്തി. മൈസുരുവില്‍ പോയി ട്രിന്ട്രിന് സര്‍വീസിനെ കുറിച്ച് പഠിച്ചു. മൈസുരു അധികൃതരെ കണ്ണൂരിലെത്തിച്ചു. ഒടുവില്‍ കണ്ണൂര്‍ കോര്പ്പറേഷന് രൂപം നല്കി സൈക്ലിംഗ് ട്രാക്ക് പദ്ധതിക്ക്. മൂന്ന് കി.ലോമീറ്ററില് 1.5 കി.മീറ്ററോളം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. കോര്‍പ്പറേഷന്റെ നൂറിന പരിപാടിയില്‍ അഞ്ചാമത്തെ ഇനമാണ് സൈക്ലിംഗ് ട്രാക്ക്. സമീപ ഭാവിയില്‍ തന്നെ സാധ്യമാകും കണ്ണൂരിലും സൈക്കിള്‍ സ്റ്റേഷന്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച സംസ്ഥാനത്തെ മൂന്ന് കോര്‍പ്പറേഷനൊപ്പം കണ്ണൂരിനെയും ഉള്‍പ്പെടുത്തണമെന്ന കേനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടം നഗരത്തിലെ പ്രധാന പാതകള്‍ നിശ്ചിത സമയം സൈക്ലിംഗിനും വാക്കിംഗിനും മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം. സൈക്ലിംഗ് ട്രാക്കും സൈക്ലിംഗ് സ്റ്റേഷനും. മാറ്റത്തിന്റെ കാലത്ത് പുതിയ ശീലങ്ങളോടൊപ്പം ചേര്‍ന്ന് കണ്ണൂരും സൈക്കിളിന്റെ ഭാഗമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.