
ദുബൈ: മധ്യ പൗരസ്ത്യദേശം, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളെ ലക്ഷ്യമാക്കി ലോകത്തിലെ ആദ്യ ‘ഡിജിറ്റല്‍ സ്വര്‍ണ കറന്‍സി’ ആരംഭിച്ചതായി ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.കെ സജിത് കുമാര്‍ അറിയിച്ചു. യുഎസ് ഗോള്‍ഡ് കറന്‍സി, ബ്‌ളോക്ക് ഫില്‍സ് എന്നീ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് സംരംഭം. സ്വര്‍ണം അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ കറന്‍സിയാണിത്. ഐബിഎംസി ഇതില്‍ കൈ കോര്‍ക്കുന്നു.
ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ആസ്തിയാണ് യുഎസ് ഗോള്‍ഡ് കറന്‍സി. യുഎസ് ഫെഡറല്‍ ഏജന്‍സി തയാറാക്കിയ അമേരിക്കന്‍ ഈഗിള്‍ വണ്‍ ഔണ്‍സ് ഗോള്‍ഡ് കോയിനെ ഇത് പ്രതിനിധീകരിക്കുന്നു. ഉപയോക്താക്കള്‍ക്ക് യുഎസ് ഗോള്‍ഡ് ടോക്കണുകള്‍ ഏത് സമയത്തും യുഎസ് ഡോളറിലോ അമേരിക്കന്‍ ഈഗിളിലോ ലോകമെമ്പാടും വീണ്ടെടുക്കാന്‍ കഴിയും -സജിത് കുമാര്‍ വ്യക്തമാക്കി.
ഉദ്ഘടാനം ചെയ്തു
യുഎസ് ഗോള്‍ഡ് ഡിജിറ്റല്‍ കറന്‍സി ജൂണ്‍ 22ന് ദുബൈയില്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേകമായി രൂപകല്‍പന ചെയ്ത ഐബിഎംസി ഹൈബ്രിഡ് പരിപാടിയില്‍ യുഎസ് ഗോള്‍ഡ് കറന്‍സി, ഏഷ്യ-ആഫ്രിക്ക ഡെവലപ്‌മെന്റ് കൗണ്‍സില്‍, ജിഎസ്ഇഎഫ്, ബ്‌ളോക്ക് ഫില്‍സ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹമീദ്, ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി.കെ സജിത് കുമാര്‍ എന്നിവരാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നത്തെ ആഗോള സാമ്പത്തിക കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റല്‍ സ്വര്‍ണ ആസ്തി ഇടപാടില്‍ യുഎസ് ഗോള്‍ഡ് കറന്‍സി, ബ്‌ളോക്ക് ഫില്‍സ് എന്നിവയുമായി കൈ കോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹമീദ് പറഞ്ഞു.
”കോര്‍പറേറ്റുകള്‍ക്ക് ബിസിനസ് ഇടപാടിന്റെ ചെലവ് കുറക്കാനും ബിസിനസ് അപകട സാധ്യതകള്‍ പരിഹരിക്കാനും കഴിയും. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ധനകാര്യ സേവന സ്ഥാപനവും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ്, യുഎസ് ഗോള്‍ഡ് കറന്‍സിയുമായും ബ്‌ളോക്ക് ഫില്‍സുമായും കൈ കോര്‍ക്കുന്നു എന്നതാണ് സംരംഭത്തിന്റെ സവിശേഷത. ഗള്‍ഫ് സഹകരണ കൗണ്‍സില്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ഡിജിറ്റല്‍ സ്വര്‍ണ കറന്‍സി എത്തിക്കുന്ന ദൗത്യമാണ് ഐബിഎംസി ഏറ്റെടുക്കുന്നത്. ഓരോ യുഎസ് ഗോള്‍ഡ് ഡിജിറ്റല്‍ കറന്‍സിക്കും ഒരു ഔണ്‍സ് (33.931 ഗ്രാം) സ്വര്‍ണ നാണയം എന്ന നിലക്കാണ് കണക്കാക്കിയിരിക്കുന്നത്” -സജിത്കുമാര്‍ വ്യക്തമാക്കി .
കോവിഡ് 19 മഹാമാരി വരുത്തിത്തീര്‍ത്ത പ്രതികൂല സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടാന്‍ അധിക ഫീസ് നല്‍കാതെ ഡിജിറ്റല്‍ ഗോള്‍ഡ് കറന്‍സി ആരംഭിക്കുന്നത് വികസ്വര രാജ്യങ്ങളിലെ കമ്പനികള്‍ക്ക് അവരുടെ അന്തര്‍ കമ്പനി ഇടപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഏഷ്യാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്‍ ദിവാലീ മുഹമ്മദ് പറഞ്ഞു. ഒരു സുപ്രധാന ഡിജിറ്റല്‍ കറന്‍സി എന്ന നിലയില്‍ ഇത് ബിസിനസ്സിലെ അപകട സാധ്യതകള്‍ കുറക്കാനും ഇല്ലാതാക്കാനും വലിയ തോതില്‍ സഹായിക്കുമെന്ന് യുഎസ് ഗോള്‍ഡ് കറന്‍സി ഡയറക്ടര്‍ ലാറി ഡെബ്രി പറഞ്ഞു.
ഐബിഎംസി സിബിഒ അനൂപ് പി.എസ് ആമുഖ ഭാഷണം നിര്‍വഹിച്ചു.