ദുബൈ/ഷാര്‍ജ: മാസങ്ങളായി ജോലി നഷ്ടപ്പെട്ട് പ്രയാസത്തില്‍ പെട്ട വിവിധ രാജ്യക്കാരായ 250ല്‍ പരം തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണ കിറ്റ് നല്കി ജുമൈറയിലെ ഒരു കൂട്ടം യുവതികള്‍ മാതൃകയായി.
ഷാര്‍ജ എം.സോണ്‍ കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട് ദുരിതക്കയത്തിലായ ഇന്ത്യന്‍, പാക്കിസ്താന്, നേപ്പാള്‍ സ്വദേശികള്‍ക്കാണ് ഇവര്‍ ഭക്ഷണ കിറ്റുകളും മറ്റ് അവശ്യ സാധനങ്ങളും നല്‍കിയത്. ജുമൈറയില്‍ താമസിക്കുന്ന ഏതാനും വനിതകളുടെ സൗഹൃദ കൂട്ടായ്മയായ ‘ഹൗസ് ഓഫ് എം’ലെ യുവതികളാണ് ഇവരുടെ പ്രയാസമറിഞ്ഞ് രക്ഷക്കെത്തിയത്.
ഇവര്‍ക്ക് അത്യാവശ്യമായിരുന്ന ഭക്ഷണവും വെള്ളവും പാക്കറ്റിലാക്കി നല്‍കുകയും അടുത്ത ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും നല്കി.
പോളണ്ടില്‍ നിന്നുള്ള ക്ളൗഡിന, കാതറിന്, അര്‍ജന്റീനയില്‍ നിന്നുള്ള മറിയ, കേരളത്തില്‍ നിന്നുള്ള തന്‍സീം എന്നിവരാണ് ഈ മഹത്തായ സേവനത്തിന് നേതൃത്വം നല്കിയവരില് പ്രധാനികള്‍. തൊഴിലാളികളുടെ സന്തോഷം നിറഞ്ഞ മുഖം കണ്ട ചാരിതാര്‍ത്ഥ്യത്തിലും നിര്‍വൃതിയിലുമാണ് അതിര്‍വരമ്പുകളില്ലാത്ത ഉദാത്തമായ മനുഷ്യ സ്നേഹത്തിന് മാതൃകയായ ഈ കൂട്ടായ്മയിലെ ഓരോ അംഗവും.