അണ്‍ലോക്ക് മൂന്ന് ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുന്ന അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണ്. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാവുന്ന മൂന്നാംഘട്ട നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്. ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമല്ല. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. അതേ സമയം അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്കു നീക്കങ്ങള്‍ക്കും നിയന്ത്രണം പാടില്ല.
1. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കര്‍ഫ്യൂ ഒഴിവാക്കുന്നു.
2. യോഗാ സ്ഥാപനങ്ങള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും ആഗസ്റ്റ് അഞ്ചു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.
3. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താം. എന്നാല്‍ മാസ്‌കുകള്‍ വയ്ക്കണം, എല്ലാ കോവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധി പേര്‍ കൂട്ടം കൂടാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.
4. സ്‌കൂളുകളും കോളജുകളും കോച്ചിംഗ് സ്ഥാപനങ്ങളും ആഗസ്റ്റ് 31 വരെ തുറക്കരുത്.
5. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് അനുമതിയില്ല.
6. മെട്രോ റെയില്‍, സിനിമാ തിയറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍, എന്നിവ അടഞ്ഞു തന്നെ കിടക്കും.
7. പൊതുപരിപാടികള്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍, കായിക മത്സരങ്ങള്‍, മത, സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും.
8. 10 വയസിനു താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്ത സമ്മര്‍ദ്ദം, കിഡ്‌നി രോഗങ്ങള്‍ തുടങ്ങി വിട്ടുമാറാത്ത അസുഖമുള്ളവര്‍ തുടങ്ങിയവര്‍ സുരക്ഷ കണക്കിലെടുത്ത് വീടുകളില്‍ തന്നെ തുടരണം.