ഇപ്പം ശര്യാക്കിത്തരാം; വെള്ളാനകളുടെ നാട്ടിലെ റോഡ് റോളര്‍ ലേലത്തില്‍ പോയി

വെള്ളാനകളുടെ നാട് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ വിഖ്യാതമായ സീനില്‍ കുതിരവട്ടം പപ്പുവും മോഹന്‍ ലാലും. ചിത്രത്തിലെ റോഡ് റോളറാണ് ഇന്നലെ 1.99 ലക്ഷത്തിന് ലേലത്തില്‍ പോയത്.

കോഴിക്കോട്: ഇപ്പ ശര്യാക്കിത്തരാം….എന്ന ഡയലോഗിലൂടെ കുതിരവട്ടം പപ്പു അനശ്വരമാക്കിയ വെള്ളാനകളുടെ നാട്ടിലെ റോഡ് റോളര്‍ ലേലത്തില്‍ പോയി. നിരവധി സ്പാനറുകള്‍ മാറി മാറി ഉപയോഗിച്ച് റോഡ് റോളറിന് ജീവന്‍ പകരാന്‍ യത്‌നിച്ച മെക്കാനിക്കിനെ വെള്ളിത്തിരയില്‍ ഒരു സംഭവമാക്കിയ പപ്പുവിനൊപ്പം റോഡ് റോളറും കഥാപാത്രമായി മാറുകയായിരുന്നു. വെസ്റ്റ്ഹില്‍ അതിഥി മന്ദിരത്തിന് സമീപമായിരുന്നു വെള്ളാനകളുടെ നാട്ടില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. ഷൂട്ടിങിന്റെ ഭാഗമായി റോഡ് റോളര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിന് കേടു പറ്റുന്ന രംഗവും ഉണ്ടായിരുന്നു. പി.ഡബ്ലിയു.ഡി റോഡ് റോളര്‍ ലേലത്തിന് വെച്ചപ്പോള്‍ കരാറുകാരനായ സ്വാലിഹ് എടുക്കുകയായിരുന്നു. 1.99 ലക്ഷം രൂപക്കാണ് ലേലം കൊണ്ടത്. മൂന്നുവര്‍ഷത്തിലേറെയായി സിവില്‍സ്റ്റേഷനിലെ കോമ്പൗണ്ടിലാണ് കിടപ്പ്. ആയിരത്തോളം റോഡ് പ്രവൃത്തികളില്‍ പങ്കാളിയായി. 1987 മോഡലായ ജെസോപ് റോഡ് റോളര്‍ കോവിഡ് കാലത്തും വലിയ വിലക്കാണ് ലേലത്തില്‍ പോയത്. 1.80 ലക്ഷമായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ലേലം 19,000 അധിക തുകക്കാണ് പോയത്. പഴയപോലെ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇനിയും പണം മുടക്കേണ്ടിവരും. എന്നാലും അതൊരു നഷ്ടമാവില്ല എന്നാണ് സ്വാലിഹ് പറയുന്നത്.