രാജ്യത്ത് 24 മണിക്കൂറിനിടെ
47,704 പുതിയ
രോഗികള്‍; 654 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 14.83 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 654 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. 33,425 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 4,96,988 പേരാണ് ചികിത്സയിലുള്ളത്. 9,52,744 പേര്‍ രോഗമുക്തരായിട്ടുണ്ട്. 64.24 ശതമാനമായി രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ബാഗിക ലോക്ക്ഡൗണ്‍ അടുത്ത മാസം 31 വരെ നീട്ടി. 2,5,,8,9,16,17,23,24,31 തീയതികളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണായിരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. അതേ സമയം ലോകത്ത് ഏറ്റവും വേഗതയില്‍ കോവിഡ് വ്യാപിക്കുന്ന രാജ്യമാണയി ഇന്ത്യ മാറിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ അമ്പതിനായിരത്തോളമാണ്. മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ യുഎസിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യയെങ്കിലും പുതിയ കേസുകളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധനവാണ് ഉണ്ടാകുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അഞ്ച് ലക്ഷത്തോളം ടെസ്റ്റുകളാണ് രാജ്യത്തിപ്പോള്‍ ദിവസവും നടത്തുന്നതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ച് പറയുന്നത്. എന്നിട്ടും ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റിങ് നിരക്കുകള്‍ ഇന്ത്യയിലും ബ്രസീലിലുമാണെന്നാണ് ഒക്സ്ഫഡ് സര്‍വകലാശാല പറയുന്നത്. ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 11.8 ടെസ്റ്റുകളും ബ്രസീലില്‍ ഇത് 11.93 ടെസ്റ്റുകളുമാണ് നടത്തുന്നത്. എന്നാല്‍ യുഎസില്‍ പരിശോധ നിരക്ക് 152.98 ഉം റഷ്യയില്‍ 183.34 ഉം ആണെന്നും ഒക്സ്ഫഡ് ഡാറ്റ പറയുന്നു. തമിഴ്‌നാട്ടില്‍ ഇന്നലെ 6972 പുതിയ കേസുകളും 88 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,27,688 ആയും മരണ സംഖ്യ 3659 ആയും ഉയര്‍ന്നു. ഡല്‍ഹിയില്‍ ഇന്നലെ 1056 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,32,275 ആയും മരണ സംഖ്യ 3881 ആയും ഉയര്‍ന്നു. കര്‍ണാടകയില്‍ 5536 പുതിയ കേസുകളും 102 മരണവും ഇന്നലെ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ 1,07,001 ആയും മരണ സംഖ്യ 2,055 ആയും മാറി. മഹാരാഷ്ട്രയില്‍ 3.90 ലക്ഷമായി കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നു. മരണ സംഖ്യ 13,956 ആയും ഉയര്‍ന്നു.