എ അബ്ദുല്‍ റഹിമാന്‍
(ജനറല്‍ സെക്രട്ടറി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി)
മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവും യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള വിട്ടു പിരിഞ്ഞിട്ട് രണ്ടു വര്‍ഷം. ജീവിതത്തിന്റെ സര്‍വ മേഖലകളിലും തന്റേതായ മുദ്രകള്‍ രേഖപ്പെടുത്തിയാണ് അദ്ദേഹം കടന്നുപോയത്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ഉമ്പുച്ചയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനിഷേധ്യനായ നേതാവും മറ്റുള്ളവര്‍ക്ക് ചെര്‍ക്കളവുമായിരുന്നു അദ്ദേഹം.
രാഷ്ട്രീയ- മത- സാമൂഹിക രംഗങ്ങളില്‍ ചെര്‍ക്കളത്തെ കണ്ട സകലര്‍ക്കും അദ്ദേഹത്തെ കുറിച്ച് ഏറെ പറയാനുണ്ടാവും. ചെര്‍ക്കളം പലര്‍ക്കും റോള്‍ മോഡലായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ശൈലിയേയുമൊക്കെ അനുകരിച്ചവര്‍ ധാരാളമാണ്. മുസ്‌ലിം ലീഗിന്റെ മുന്നണി പോരാളിയായിരുന്നു എന്നും ചെര്‍ക്കളം അബ്ദുള്ള. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശവും ധൈര്യവുമായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം രചിച്ചും വിളിച്ചും ചുമരെഴുതിയും തുടങ്ങിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സമാനതകളില്ലാത്ത
ചരിത്രമാണ്. പാര്‍ട്ടിയുടെ വാര്‍ഡ് ഭാരവാഹി മുതല്‍ സംസ്ഥാന ഖജാന്‍ജി വരെയുള്ള സ്ഥാനങ്ങള്‍ ദീര്‍ഘകാലംവഹിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റെടുത്ത പദവികളെല്ലാം തന്റെ അനിതരസാധാരണമായ നേതൃപാടവം കൊണ്ട് പ്രോജ്വലമാക്കുവാന്‍ അദ്ദഹത്തിന് സാധിച്ചിരുന്നു. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ചെര്‍ക്കളത്തിന്റെ ചടുലമായ പ്രവര്‍ത്തന ശൈലി ഒട്ടൊന്നുമല്ല മുസ്‌ലിം ലീഗിനെ സഹായിച്ചത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ ചെര്‍ക്കളത്തിന്റെ സാന്നിധ്യവും നേതൃത്വവും തീരുമാനങ്ങളും പാര്‍ട്ടിക്ക് കരുത്തായി മാറിയിരുന്നു. കാസര്‍കോടിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും അതില്‍ ചെര്‍ക്കളത്തിന്റെ നിര്‍ണായക സ്ഥാനം കണ്ടെത്താന്‍ കഴിയും. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ സമുന്നതരായ രാഷ്ട്രീയ നേതാക്കളുടെ ചരിത്രത്തോടൊപ്പമാണ് ചെര്‍ക്കളത്തിന്റെയും സ്ഥാനം.
ജനപ്രതിനിധി എന്ന നിലയില്‍ ഇത്രയധികം ശോഭിച്ചവര്‍ വിരളമായിരിക്കും. ദീര്‍ഘകാലം മഞ്ചേശ്വരം മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച ചെര്‍ക്കളം കൊണ്ടുവന്ന പശ്ചാത്തല വികസന പദ്ധതികള്‍ ആ മണ്ഡലത്തിന്റെ സര്‍വോന്മുഖമായ വികസനത്തിന് വിത്തു പാകി. എംഎല്‍എമാര്‍ക്ക് പേഴ്‌സണല്‍ അസിസ്റ്റന്റുമാരെ സര്‍ക്കാര്‍ നിയമിക്കുന്നതിന് എത്രയോ മുമ്പ് സംസ്ഥാനത്ത് തന്നെ ആദ്യമായി കാസര്‍കോട്ട് സ്വന്തമായി ഓഫീസ് സ്ഥാപിക്കുകയും സ്റ്റാഫിനെ നിയമിക്കുകയും ചെയ്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ എംഎല്‍എ ചെര്‍ക്കളമായിരുന്നു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എംഎല്‍എയെ കാണാനും പരാതികളും പ്രശ്‌നങ്ങളും ശ്രദ്ധയില്‍ പെടുത്തുവാനും ഓഫീസ് സംവിധാനത്തിലൂടെ കഴിഞ്ഞിരുന്നു. സര്‍ക്കാരിലേക്ക് നല്‍കുന്ന നിവേദനങ്ങളിന്മേല്‍ എടുക്കുന്ന നടപടികള്‍ യഥാസമയം പരാതിക്കാരെ അറിയിക്കാനുമുള്ള സംവിധാനങ്ങള്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പേ ചെര്‍ക്കളം അബ്ദുള്ള കാസര്‍കോട്ട് ഒരുക്കിയിരുന്നു.
2001ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മതിയായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ ഭരണപാടവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയ കുടുംബശ്രീ സംവിധാനം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ച ചരിത്രപരമായ തീരുമാനം കൈകൊണ്ടത് അദ്ദേഹമായിരുന്നു. ജനകീയാസൂത്രണ പദ്ധതിക്ക് പുതിയ മാനങ്ങള്‍ നല്‍കുകയും കേരള വികസന പദ്ധതി എന്ന നാമം നല്‍കുകയും ചെയ്തത് അദ്ദേഹമായിരുന്നു. വികസന പ്രവര്‍ത്തനങ്ങളെല്ലാം തെക്കു നിന്ന് ആരംഭിച്ച് ഇങ്ങ് കാസര്‍കോട്ടെത്തുമ്പോള്‍ നിലച്ചുപോകുന്ന സമീപനത്തിന് മാറ്റംവരുത്തിയത് അദ്ദേഹമായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒട്ടുമിക്ക സംസ്ഥാനതല പരിപാടികളും ഉദ്ഘാടനം ചെയ്യപ്പെട്ടത് കാസര്‍കോട്ട് ആയിരുന്നു. ഇന്ന് കാസര്‍കോട് മേഖലയിലെ നഗരസഭകളും പഞ്ചായത്തുകളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഉദ്യോഗസ്ഥരുടെ അഭാവമാണ്. ചെര്‍ക്കളത്തിന്റെ കാലത്ത് ജില്ലയില്‍ ഉദ്യോഗസ്ഥരില്ലാ എന്ന പരാതി ഉണ്ടായിരുന്നില്ല.
ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ കെല്‍ യൂണിറ്റിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ വണ്‍ ടൈം സെറ്റില്‍മെന്റ് നടപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തികള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെല്ലിനെ നിയോഗിച്ചതും ചെര്‍ക്കളത്തിന്റെ മാത്രം പരിശ്രമത്തിന്റെ അടയാളങ്ങളാണ്. ജനങ്ങളുടെയും നാടിന്റെയും മനസറിഞ്ഞ പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു ചെര്‍ക്കളം അബ്ദുള്ള എന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു.
രാഷ്ട്രീയ- മത- സാമൂഹിക രംഗങ്ങള്‍ക്കപ്പുറം ചെര്‍ക്കളം പലതുമായിരുന്നു.പ്രഗത്ഭനായ ട്രേഡ് യൂണിയന്‍ നേതാവ്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ചെര്‍ക്കളം അറിയപ്പെട്ടു. ദീര്‍ഘകാലം മോട്ടോര്‍ ആന്റ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡന്റായിന്ന അദ്ദേഹം എസ് ടി.യു സംസ്ഥാന ട്രഷററും പ്രസിഡന്റുമാന്നു. അദ്ദേഹം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ്ടിയുവിന്റെ സുവര്‍ണകാലം ആരംഭിക്കുന്നത്.
അദ്ദേഹത്തിന്റെ സംഘാടക മികവും നേതൃശേഷിയും എസ്ടിയുവിന്റെ വളര്‍ച്ചക്ക് ശക്തിപകര്‍ന്നു. പാര്‍ട്ടിയില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ പോഷക സംഘടനയുടെ പ്രധാന സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ പാടില്ല എന്ന പാര്‍ട്ടി തീരുമാനം വന്ന നിമിഷം തന്നെ മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി എസ്.ടിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു. 1991 ഡിസമ്പര്‍ മാസം മുതല്‍ മരണം വരെ കാസര്‍കോട് കെല്‍ യൂണിറ്റിലെ എസ്ടിയു പ്രസിഡന്റായിന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ചെര്‍ക്കളത്തിന് അവസാന വാക്കായിരുന്നു. പാര്‍ട്ടി ഒരു കാര്യം തീരുമാനിച്ചാല്‍ എന്ത് ത്യാഗം സഹിച്ചും അദ്ദേഹം അത് നടപ്പിലാക്കും. ജില്ലയിലെ പല മുഖ്യധാര രാഷ്ട്രിയ പാര്‍ട്ടികളും ചെര്‍ക്കളത്തിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കിയിരുന്നു. മുസ് ലിം ലീഗിന്റെ സമുന്നതനായ നേതാവും സംസ്ഥാന പ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞപ്പോള്‍തങ്ങളുടെ ഓര്‍മ്മയ്ക്കായി ജില്ലയില്‍ ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. ഒരു വാര്‍ഡില്‍ കുറഞ്ഞത് 10 പേര്‍ക്ക് പ്രതിമാസം 250 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണിത്. ജില്ലയിലെ മുഴുവന്‍ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റികളും ഇത് നടപ്പിലാക്കി. മുസ്‌ലിം ലീഗിനെ ജില്ലയിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിന് വേണ്ടി സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു ചെര്‍ക്കളം നടത്തിയത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് അതൊരിക്കലും മറക്കാന്‍ കഴിയില്ല.
കോവിഡ് 19 നാടാകെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക് ഉള്ളതിനാല്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഇന്ന് രണ്ട് മണിക്ക് ഓണ്‍ലൈനില്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അനുസ്മരണ സമ്മേളനം നടത്തും. പ്രിയങ്കരനായ ചെര്‍ക്കളം അബ്ദുള്ളക്ക് നാഥന്‍ പരലോക സുഖം പ്രദാനം ചെയ്യട്ടെ (ആമീന്‍).