കരുനാഗപ്പള്ളിയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കി; 102 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം തുറന്നു

കരുനാഗപ്പള്ളിയില്‍ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 102 കിടക്കകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം കരുനാഗപ്പള്ളി വി.വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലില്‍ ഇന്നലെ ആരംഭിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും താമസിക്കുവാനും പി പി ഇ കിറ്റുകള്‍ സൂക്ഷിക്കുവാനുമുള്ള മുറികളടക്കം ഒരുക്കിയാണ് പ്രാഥമിക ചികിത്സാ കേന്ദ്രം പൂര്‍ണ സജ്ജമായിരിക്കുന്നത്. സിഡ്കോയില്‍ നിന്ന് കിടക്കകളും കരുനാഗപ്പള്ളി റോട്ടറി ക്ലബ് വാഷിംഗ് മെഷീനും നല്‍കി. കൂടാതെ വിവിധ സംഘടനകളുടെ സഹായത്തോടെ ഫ്രിഡ്ജ്, ടെലിവിഷന്‍ എന്നിവയും പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഉറപ്പുവരുത്തി. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം കുടുംബശ്രീ എത്തിക്കും.
കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റുന്നത്. കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീനത്ത് ബഷീര്‍, വൈസ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍ പിള്ള, സാമൂഹികക്ഷേമ വകുപ്പ് ചെയര്‍പേഴ്സണ്‍ സൂസന്‍ കോടി, തഹസില്‍ദാര്‍ പി ഷിബു, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ആര്‍ ഷൈന്‍, മുന്‍സിപ്പല്‍ സെക്രട്ടറി ഫൈസല്‍, എച്ച് ഐ നോഡല്‍ ഓഫീസര്‍ ഫൈസല്‍, കൗണ്‍സിലര്‍ വിജയഭാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓച്ചിറ ബ്ലോക്ക് പരിധിയില്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
ഓച്ചിറ: ബ്ലോക്ക് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. തൊടിയൂര്‍ പഞ്ചായത്തില്‍ ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളജിലെ പുതിയ കെട്ടിടം, തഴവ പഞ്ചായത്തിലെ കുതിരപ്പന്തി കോസ്മോ കണ്‍വെന്‍ഷന്‍ സെന്റര്‍, ആലപ്പാട് പഞ്ചായത്തില്‍ മൂക്കുംപുഴ ക്ഷേത്ര ഓഡിറ്റോറിയം എന്നിവയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാകും. 550 ഓളം കിടക്കകളുണ്ട്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നിലവില്‍ 100 പേര്‍ക്കുള്ള ചികിത്സാസൗകര്യങ്ങളും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനവും ലഭ്യമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളില്‍ നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ഒഴിയുന്ന മുറയ്ക്ക് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കും.
നൂറിലധികം കിടക്കകള്‍ സ്ഥാപിച്ചിട്ടുള്ള കരുനാഗപ്പള്ളിയിലെ ഫിഷറീസ് സ്‌കൂളിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായിരിക്കും ആദ്യം ആരംഭിക്കുക.