കാല്‍പ്പന്ത് മൈതാനത്ത് കാണികള്‍; ഫ്രഞ്ച് കപ്പ് പി.എസ്.ജിക്ക്‌

7
ഫ്രഞ്ച് കപ്പ് ഫൈനല്‍ ആസ്വദിക്കാന്‍ ഇന്നല പാരീസിലെ സ്റ്റഡെ ഡി പാരിസ് സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍. 5000 പേര്‍ക്കാണ് അനുമതി നല്‍കിയത്. 80,000 മാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി

പാരീസ്: നാല് മാസത്തിന് ശേഷം ഫ്രാന്‍സില്‍ ഫുട്‌ബോള്‍ തിരികെ വന്നപ്പോള്‍ പാരീസ് സെന്റ് ജര്‍മന് സീസണിലെ രണ്ടാം കിരീടം. ഫ്രഞ്ച് കപ്പ് ഫൈനലില്‍ ശക്തരായ സെന്റ് എത്തിനെ നെയ്മര്‍ പതിനാലാം മിനുട്ടില്‍ നേടിയ ഗോളില്‍ പി.എസ്.ജി കീഴടക്കി. കിരീടനേട്ടം നേരില്‍ കാണാന്‍ കുറെ കാലത്തിന് ശേഷം ആദ്യമായി സ്‌റ്റെഡെ ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ 5000 ത്തോളം കാണികള്‍ക്ക്് അനുമതി നല്‍കിയിരുന്നു. വിജയത്തിലും പി.എസ്.ജിക്ക് കനത്ത ആഘാതമായി സൂപ്പര്‍ സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പേ പരുക്കുമായി പുറത്തായി. ഒന്നാം പകുതിയിലുണ്ടായ മാരകമായ ഫൗളിനെ തുടര്‍ന്ന് കടുത്ത വേദനയില്‍ കരഞ്ഞ് കൊണ്ട് മൈതാനം വിട്ട് എംബാപ്പേ രണ്ടാം പകുതിയില്‍ ക്രച്ചസില്‍ ടീം ഡഗൗട്ടില്‍ വന്നുവെങ്കിലും മാസത്തോളം അദ്ദേഹത്തിന് കളത്തിലിറങ്ങാന്‍ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്. അടുത്ത മാസം യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പി.എസ്.ജി ഇറ്റലിയില്‍ നിന്നുള്ള അറ്റലാന്റക്കെതിരെ പോരാട്ടത്തിനിറങ്ങാനിരിക്കെയാണ് പ്രമുഖ താരത്തിന് സാരമായ പരുക്കേറ്റിരിക്കുന്നത്. ലിഗ് കപ്പിന്റെ ഫൈനല്‍ പോരാട്ടത്തിലും എംബാപ്പേയുടെ സേവനം ടീമുനുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. കോവിഡ് വന്നതിന് ശേഷം ഫ്രാന്‍സില്‍ ഫുട്‌ബോള്‍ മൈതാനങ്ങളെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാലര മാസമായി താരങ്ങളെല്ലാം വിശ്രമത്തിലാണ്. ഇതിന്റെ പ്രശ്‌നങ്ങള്‍ ഇന്നലെ ഫൈനലില്‍ പ്രകടമായിരുന്നു. പക്ഷേ തുടക്കത്തില്‍ തന്നെ പി.എസ്.ജി, സൂപ്പര്‍ താരം നെയ്മറിലുടെ ഗോള്‍ നേടി. ഈ ഗോളിന് ശേഷമായിരുന്നു എംബാപ്പേക്ക് നേരെ ഫൗളുണ്ടായത്. എത്തിനെ നായകന്‍ ലോയിക് പെറിന്റെ ടാക്ലിംഗില്‍ ഫ്രഞ്ച് താരം വീണ് പോയപ്പോള്‍ ഉടന്‍ തന്നെ റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായെങ്കിലും കൂടുതല്‍ സമയം കളിക്കാനാവാതെ എംബാപ്പേ മൈതാനം വിട്ടു.