കാസര്‍കോട്: ജില്ലയില്‍ ഇതുവരെയായി കോവിഡ് രോഗ നിര്‍ണയത്തിനായി 5298 ആന്റിജന്‍ ടെസ്റ്റുകളും 21305 ആര്‍ടിപിസിആര്‍ ടെസ്റ്റുകളും നടത്തിയത്. ജൂലൈ 23 മുതല്‍ 26 വരെയായിമാത്രം 1740 ആര്‍ടിപിസിആര്‍ ടെസ്റ്റുകളും 2658 ആന്റിജന്‍ ടെസ്റ്റുകളും നടത്തി. ജില്ലയില്‍ ദിനംപ്രതി ശരാശരി 400 ആന്റിജന്‍ ടെസ്റ്റുകള്‍ മാത്രം നടത്തുന്നുണ്ടെന്ന് ആന്റ്ിജന്‍ ടെസ്റ്റുകളുടെ ചുമതല വഹിക്കുന്ന ഡോ. കെ ജോണ്‍ പറഞ്ഞു.
ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും രണ്ട് മൊബൈല്‍ യൂണിറ്റുകള്‍ വഴിയും ആവാശ്യാനുസരണം പ്രത്യേകം സജ്ജമാക്കുന്ന ക്യാമ്പുകള്‍ വഴിയുമാണ് കോവിഡ് രോഗികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍, ക്ലസ്റ്ററുകളില്‍ ഉള്ളവര്‍, പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ സ്രവം ആന്റിജന്‍ പരിശോധനയ്ക്ക് ശേഖരിക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി, താലൂക്ക് ആസ്പത്രികളായ തൃക്കരിപ്പൂര്‍, നീ്ലേശ്വരം, പനത്തടി, മംഗല്‍പാടി എന്നിവിടങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ ചെറുത്തൂര്‍,പെരിയ, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക എന്നിവിടങ്ങളിലും ഉദുമ എഫ്എച്ച്‌സിയിലും ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട്.
ആന്റിജന്‍ ടെസ്റ്റിനെ അറിയാം
കോവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ ഫലം ലഭിക്കാന്‍ ഒരു ദിവസമെങ്കിലുമെടുക്കുമെങ്കില്‍, 30 മിനുട്ട് കൊണ്ട് ഫലമറിയാം എന്നതാണ് ആന്റിജന്‍ ടെസ്റ്റിന്റെ ഗുണം. ഇതുവളരെ വേഗം രോഗികളെ കണ്ടെത്തുന്നതിനും ചികിത്സ നല്‍കുന്നതിനും സഹായിക്കുന്നു. റാപ്പിഡ് ടെസ്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.
കോറോണ വൈറസിന്റെ പ്രോട്ടീന്‍ എന്ന പുറംഭാഗമാണ് ആന്റിജന്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത്. എന്നാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത് കോറോണ വൈറസിന്റെ ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ഭാഗമാണ്. ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ മൂക്കിലെ സ്രവമാണ് ശേഖരിക്കുക.തെണ്ടയിലെ സ്രവമാണ് ആര്‍ ടി പി സിആര്‍ ടെസ്റ്റ് നടത്തുന്നതിന് ശേഖരിക്കുന്നത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആദ്യദിനങ്ങളില്‍ തന്നെ നടത്തുന്ന ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാകാന്‍ സാധ്യതയുണ്ട്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് അഞ്ചാംദിനം മുതലാണ് സ്രവം എടുക്കുന്നതെങ്കില്‍ പരിശോധന ഫലം കൃത്യമായിരിക്കും. അതിനാല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാകുന്ന ചില കേസുകളില്‍ (സ്രവ ദാതാവിന്റെ യാത്രാചരിത്രം, ആരോഗ്യനില എന്നിവ പരിഗണിച്ച്) ഡോക്ടര്‍മാര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിക്കാറുണ്ട്. ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായാലും 14 ദിവസം ഹോം ക്വാറന്റീന്‍ കഴിയാനാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.