കൊവിഡില്‍ നിന്ന് രക്ഷയില്ലാതെ മഹിളാമാള്‍

11

കോഴിക്കോട്: വനിതകള്‍ക്ക് മാത്രമായി തുടങ്ങിയ കോഴിക്കോട്ടെ മഹിളാമാള്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയില്ല. മുപ്പത് ലക്ഷം രൂപ വരെ മുടക്കി കട തുടങ്ങിയ വനിതാ സംരംഭകര്‍ ഇവിടെ കട തുടങ്ങിയത്. മാളുകള്‍ക്ക് ഇളവ് അനുവദിച്ചപ്പോള്‍ മഹിളാമാളിലെ കച്ചവടക്കാരും പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. എല്ലാ പ്രതീക്ഷകളും കൈവിട്ടുപോകുന്ന അവസ്ഥ. മാസങ്ങളോളം അടച്ചിട്ടതിനാല്‍ കടയിലെ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാവും. അതിനാല്‍ തന്നെ അടച്ചിട്ടിരുന്ന കട തുറന്നാല്‍ സാധനങ്ങള്‍ പലതും നശിച്ചിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം ഒരവസ്ഥ കൂടി നിലനില്‍ക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് മാള്‍ തുറന്ന് തരണമെന്നും കടയുടമകള്‍ ആവശ്യപ്പെടുന്നു. അഞ്ച് മാസമായി മഹിളാമാളിലെ കടകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ രണ്ട് മാസത്തെ വാടക നല്‍കിയാല്‍ മാത്രമേ മാള്‍ തുറക്കാന്‍ കഴിയൂ എന്നാണ് അധികൃതരുടെ വിശദീകരണം. രണ്ട് മാസത്തെ വാടകയായി മാത്രം വലിയ തുക തന്നെ പലര്‍ക്കും നല്‍കേണ്ടി വരും. ലോക്ക്ഡൗണിന് ശേഷം ഇത്രയും വാടക നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംരംഭകരും.വനിതകള്‍ക്ക് മാത്രമായി ഒരുങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ഷോപ്പിങ്ങ് കോംപ്ലക്‌സായ മഹിളാമാള്‍2018 നവംബര്‍ 24നാണ് ഉദ്ഘാടനം ചെയ്ത്. കുടുംബശ്രീ പ്രവര്‍ത്തകരുടെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും കൂട്ടായ സംരംഭമായിരുന്നു ഇത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സി ഡി എസിനു കീഴില്‍ രൂപീകരിച്ച യൂണിറ്റി ഗ്രൂപ്പ് എന്ന പത്തംഗ സംഘമാണ് മാളിന്റെ ഭരണസമിതി. വനിതാ സംരംഭകര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നു കൊടുക്കുന്നയിടമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതിയായി മഹിളാ മാള്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മാറുകയും ചെയ്തിരുന്നു. തുടക്കത്തില്‍ കച്ചവടം നല്ല രീതിയില്‍ നടന്നിരുന്നുവെങ്കിലും മാസങ്ങള്‍ക്ക് ശേഷം കടകളിലേക്ക് ഉപഭോക്താക്കള്‍ എത്താത്തതിനെ തുടര്‍ന്ന് സംരംഭകര്‍ ഓരോന്നായി പിന്‍മാറി തുടങ്ങി. 79 കടകളാണ് മാളില്‍ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ മുപ്പത് കടകള്‍ മാത്രമാണ് ഇവിടെ തുറന്ന് പ്രവര്‍ത്തിക്കുന്നത്. അതില്‍ 17 കടകള്‍ മാത്രമാണ് വാടക നല്‍കുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ പ്രതീക്ഷിച്ച സാമ്പത്തിക ലാഭം ലഭിക്കാതെ വലിയ വാടകയും നല്‍കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കച്ചവടം ലഭിക്കാതെ ഭരണസമിതി നിര്‍ദേശിക്കുന്ന വലിയ വാടക എങ്ങനെ കൊടുക്കാന്‍ കഴിയും എന്നാണ് ഇവരുടെ ചോദ്യം. പലരും ജോലിക്കാരെ വച്ചാണ് കട നടത്തുന്നത്. ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പലസംരംഭകരും മറ്റു ജോലികള്‍ ഉപേക്ഷിച്ചാണ് ഇവിടെ കട തുടങ്ങിയിട്ടുള്ളത്. കട തുറക്കാതായതോടെ നിരവധി പേരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.