കോവിഡ് ഭീതിയില്‍ റയല്‍ മാഡ്രിഡ്‌

5
മരിയാനോ ഡയസ്‌

യുവതാരം മരിയാനോ ഡയസിന് കോവിഡ്, ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനില്ല

മാഡ്രിഡ്:സ്പാനിഷ് ലാലീഗ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് ഒരുക്കങ്ങള്‍ അവതാളത്തില്‍. ടീമിലെ യുവതാരമായ മരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്ലബ് ക്യാമ്പ് ആശങ്കയിലാണ്. ഓഗസ്റ്റ് ഏഴിന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് റയലിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദം. ആദ്യ പാദത്തില്‍ റയല്‍ 1-2 ന് പിറകിലാണ്. രണ്ടാം പാദം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്‌റ്റേഡിയതില്‍ നടത്താനിരിക്കവെയാണ് പരിശോധനയില്‍ ഡയസ് പോസിറ്റീവായത്. റയല്‍ ലാലീഗ ചാമ്പ്യന്മാരായതിന് ശേഷം പത്ത് ദിവസത്തെ അവധിയില്‍ പുറത്ത്് പോയിരുന്നു ഡയസ്. തിരികെ വന്ന് പരിശോധനക്ക് വിധേയനായപ്പോഴാണ് പോസിറ്റീവായത്. ഡയസിന്റെ ആരോഗ്യത്തിന് കുഴപ്പമില്ലെന്നും ഇപ്പോള്‍ ഐസോലേഷനില്‍ ചികില്‍സയിലാണെന്നും പതിനാല് ദിവസം ക്വാറന്റൈന്‍ കൂടി വേണ്ടതിനാല്‍ താരം ഇംഗ്ലണ്ടിലേക്ക് വരില്ലെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. മരിയാനോ ഡയസ് റയല്‍ ഫസ്റ്റ് ഇലവനില്‍ അപൂര്‍വ്വമായേ വരാറുള്ളു. അതിനാല്‍ ടീമിനെ അത് കാര്യമായി ബാധിക്കില്ല. പക്ഷേ കൂടുതല്‍ താരങ്ങളില്‍ പരിശോധന നടത്തിയാല്‍ അതിന്റെ ഫലമാണ് ക്ലബിന് ആശങ്ക നല്‍കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ലാലീഗ മല്‍സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ തുടര്‍ച്ചയായി പത്ത് വിജയങ്ങളുമായി തകര്‍പ്പന്‍ ഫോമിലാണ് ടീം കിരീടം നേടിയത്.
വിദേശത്ത്് നിന്ന് വരുന്നവര്‍ ഇംഗ്ലണ്ടിലെത്തിയാല്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന് ഇംഗ്ലീഷ് സര്‍ക്കാരിന്റെ നിലപാട് കാരണം റയല്‍ സംഘം നേരത്തെ തന്നെ മാഞ്ചസ്റ്ററില്‍ എത്തണം. യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി നില്‍ക്കുമ്പോഴാണ് കോവിഡ് വാര്‍ത്ത വന്നത്. അടുത്ത ദിവസം തന്നെ ടീം ഇംഗ്ലണ്ടിലെത്തുമെന്നും തല്‍ക്കാലം കുഴപ്പമില്ലെന്നാണ് കരുതുന്നതെന്നും ക്ലബ് വ്യക്തമാക്കിയെങ്കിലും കൂടുതല്‍ താരങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഒരു പക്ഷേ മല്‍സരത്തെ തന്നെ അത് ബാധിക്കും. വിദേശ സഞ്ചാരികള്‍ക്കെതിരെ കര്‍ക്കശ നിലപാടിലാണ് ഇംഗ്ലണ്ട്. സ്‌പെയിനില്‍ കോവിഡ് വ്യാപനം വീണ്ടും വന്നതോടെ ഇംഗ്ലണ്ട് ജാഗ്രതയിലാണ്. സ്‌പെയിനിനെ സൗഹൃദ സഞ്ചാര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുമുണ്ട്. പക്ഷേ ചാമ്പ്യന്‍സ് ലീഗിന്റെ കാര്യത്തില്‍ ചില വിട്ടുവീഴ്ച്ചകള്‍ക്ക് യുവേഫ നിര്‍ദ്ദേശമുള്ളതിനാല്‍ റയല്‍ സംഘത്തിന് യാത്രാ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്.