ക്ലസ്റ്ററുകളുടെ സമീപപ്രദേശങ്ങളിലും കോവിഡ് പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം ജില്ലയിലെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളായ പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി എന്നിവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വലിയ രീതിയിലുള്ള രോഗവ്യാപനം ദൃശ്യമല്ല.ആലപ്പുഴ ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടിരുന്ന കുറത്തികാട്, കായംകുളം, ചേര്‍ത്തല താലൂക്ക് ആശുപത്രി, ഐടിബിപി എന്നിവിടങ്ങളില്‍ കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. തീരപ്രദേശത്തെ കഌസ്റ്ററുകള്‍ സജീവമായി നിലനില്‍ക്കുന്നു. കോട്ടയത്ത് ചങ്ങനാശേരിക്കും പായിപ്പാടിനും പുറമെ പാറത്തോട്, പള്ളിക്കത്തോട് എന്നിവയാണ് നിലവിലുള്ള കോവിഡ് ക്ലസ്റ്ററുകള്‍.ഇടുക്കി ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഇല്ല. സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ കൊന്നത്തടി, രാജാക്കാട് എന്നിവയാണ്. എറണാകുളം ജില്ലയില്‍ കെയര്‍ഹോമുകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. പുറമേക്കുള്ള കെയര്‍ ഹോം അധികൃതരുടെ സഞ്ചാരവും പരിമിതപ്പെടുത്തും. പ്രധാന ക്ലസ്റ്റര്‍ ആയ ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്. സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി കോര്‍പറേഷനിലെ ചില പ്രദേശങ്ങളിലും സമ്പര്‍ക്കം മൂലം രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.തൃശൂരില്‍ സമ്പര്‍ക്ക വ്യാപനം കൂടുകയാണ്.മലപ്പുറം ജില്ലയില്‍ മൂന്ന് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി നഗരസഭയിലെ എല്ലാ വാര്‍ഡുകളുമാണ് കമ്യൂണിറ്റി ക്ലസ്റ്ററായി തുടരുന്നത്. ലാര്‍ജ് ക്ലസ്റ്ററായിരുന്ന പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു ക്ലസ്റ്ററായിരുന്ന താനൂര്‍ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങളും ഒഴിവാക്കി. വയനാട് ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഉണ്ടായിട്ടില്ല. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി തൊണ്ടര്‍നാട് പ്രദേശം തുടരുന്നു.കോഴിക്കോട് ജില്ലയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപന ഭീതി നിലനില്‍ക്കുന്നുണ്ട്. തൂണേരിയാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍.കാസര്‍കോട് ജില്ലയില്‍ ആറ് കമ്യൂണിറ്റി ക്ലസറുകളാണ്. കാസര്‍കോട് മാര്‍ക്കറ്റ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആയി മാറിയിട്ടുണ്ട്. ഹൊസങ്കടിയിലെ പ്രിയദര്‍ശിനി ലാബിനെ കമ്യൂണിറ്റി ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.