
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഒമ്പതര മണിക്കൂറോളം ചോദ്യം ചെയ്തു. തനിക്ക് കേസില്‍ പങ്കില്ലെന്നും മാപ്പു സാക്ഷിയാക്കണമെന്നും ശിവശങ്കര്‍ എന്‍ഐഎയോട് അഭ്യര്‍ഥിച്ചതായാണ് സൂചന. സ്വപ്‌നയുടെ നിര്‍ദേശനുസരണമാണ് നയതന്ത്ര ബാഗേജിനായി കസ്റ്റംസുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന് ഏറ്റുപറഞ്ഞതായും സൂചനയുണ്ട്. ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകള്‍ പരിശോധിച്ച ശേഷം ഇന്ന് ചോദ്യം ചെയ്യല്‍ തുടരും.
എന്‍ഐഎ ദക്ഷിണ മേഖല ഡിഐജി കെ.ബി വന്ദനയുടെ മേല്‍നോട്ടത്തില്‍ കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇന്നലെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. നേരത്തെ കസ്റ്റംസ് ഒമ്പത് മണിക്കൂറും എന്‍ഐഎ തന്നെ അഞ്ച് മണിക്കൂറും ചോദ്യം ചെയ്തതില്‍ ലഭിച്ച പ്രാഥമിക വിവരങ്ങളുടെ തുടര്‍ച്ച ആരായുകയായിരുന്നു സംഘം. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് ഡ്രൈവര്‍ക്കും ഒരു സഹായിക്കുമൊപ്പം പുറപ്പെട്ട് രാവിലെ ഒമ്പതരയോടെ കൊച്ചിയിലെത്തിയ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ വൈകിട്ട് ഏഴു മണിവരെ നീണ്ടു. പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ നേരത്തെ തയാറാക്കിയ 56 ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഓരോ ചോദ്യങ്ങള്‍ക്കും ആവശ്യമായ ദൃശ്യങ്ങളും ഫോണ്‍ വിളിയുടെയും വാട്‌സ്ആപ്പ് മെസേജുകളുടെയും ശബ്ദരേഖകളും എന്‍ഐഎ സംഘം ഹാജരാക്കിയിരുന്നു. ഒരു തരത്തിലും കാര്യങ്ങള്‍ മറച്ചുവെക്കാന്‍ കഴിയാത്ത തരത്തില്‍ പഴുതടച്ചായിരുന്നു ചോദ്യം ചെയ്യല്‍. നിയമ വിദഗ്ധരുടെ നിര്‍ദേശാനുസരണം ചോദ്യം ചെയ്യലില്‍ വന്നേക്കാവുന്ന ചോദ്യങ്ങള്‍ക്ക് ശിവശങ്കറും മുന്‍ കൂട്ടി തയാറെടുത്തിരുന്നു. അതിന്റെ ഭാഗമായി എന്‍ഐഎയുടെ കൈവശമുള്ള തെളിവുകളെ പ്രതിരോധിക്കുന്ന തരത്തില്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തള്ളുന്ന രേഖകള്‍ ശിവശങ്കര്‍ കയ്യില്‍ കരുതിയിരുന്നു.
സ്വപ്‌നയുമായുള്ളത് വ്യക്തിപരമായ ബന്ധമാണ്, അത് ബോധപൂര്‍വം ഒരിക്കല്‍ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിച്ചു. കേസിലെ ഒന്നാം പ്രതി സരിത്തും സ്വപ്‌ന സുരേഷും ശിവശങ്കറിനെ രക്ഷിക്കാനായി ബോധപൂര്‍വം മൊഴിമാറ്റി നല്‍കിയതാണോയെന്ന് എന്‍ഐഎ ഇപ്പോഴും സംശയിക്കുന്നുണ്ട്. ഉച്ചയോടെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘവും എന്‍ഐഐ ആസ്ഥാനത്തെത്തി. അഞ്ചു മിനുറ്റിന് ശേഷം ഇവര്‍ മടങ്ങി. ഇന്ന് രാവിലെ പത്തിന് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഏഴു മണിയോടെ എന്‍ഐഎ ഓഫിസില്‍ നിന്നും പുറത്തിറങ്ങിയ ശിവശങ്കര്‍ കൊച്ചിയിലെ അഭിഭാഷകനെ കാണാനായി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോയെങ്കിലും മാധ്യമസംഘം പിന്തുടര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് കാണാതെ മടങ്ങി. ഫോണ്‍ വഴി അഭിഭാഷകനുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. ചോദ്യം ചെയ്യലിന് വരുമ്പോഴും ശേഷവും മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ മുന്‍ ഐടി സെക്രട്ടറി തയാറായില്ല. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കര്‍ നല്‍കിയ മൊഴികളും ആദ്യ ചോദ്യംചെയ്യലിലെ മൊഴികളും അന്വേഷണ സംഘം വിലയിരുത്തി. കസ്റ്റംസ് നല്‍കിയ തെളിവുകളും ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഇക്കാര്യങ്ങള്‍ ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്തെയും ധരിപ്പിച്ചു. ഇന്ന് എന്‍ഐഎ ഐജി നിതീഷ്‌കുമാറായിരിക്കും ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പ്രതികളുമായി ശിവശങ്കര്‍ക്ക് ഒരു ബന്ധവുമില്ലെന്നും കേസില്‍ അദ്ദേഹത്തെ പ്രതി ചേര്‍ക്കാനുള്ള ഒരു സാഹചര്യവുമില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണ്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നുണ്ട്. ശിവശങ്കറിനെതിരെ സരിത് എന്‍ഐഎക്ക് മൊഴി നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. സരിത്തിന്റെയും അഭിഭാഷകന്‍ താനാണ്. രഹസ്യമൊഴി ഇതുവരെ പുറത്ത് വന്നിട്ടില്ല. വിമാനത്താവളത്തില്‍ കാര്‍ഗോ തടഞ്ഞുവെച്ച ശേഷം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കര്‍ കസ്റ്റംസ് ഓഫീസര്‍മാരെ വിളിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതിനിടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍ നീളുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കൂടുതല്‍ സംശയനിഴലിലാവുകയാണ്. എല്ലാകുറ്റവും ശിവശങ്കറില്‍ ചുരുക്കി മുഖം രക്ഷിക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. എന്നാല്‍ അറസ്റ്റുണ്ടായാലും മാപ്പുസാക്ഷിയാക്കിയാലും സര്‍ക്കാരിനും പിണറായിക്കും അത് ഇരട്ട പ്രഹരമാവും.