ടോക്കിയോ: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം ജപ്പാനില്‍ ശക്തമാകുന്നു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധികളും നേതാക്കളുമാണ് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് കൈമാറിയതായി ജപ്പാനീസ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ടിക് ടോക്കിനെതിരെ ജനപ്രതിനിധികള്‍ ഉന്നയിച്ചത്. രാജ്യത്തെ വിവരങ്ങള്‍ ടിക് ടോക്ക് മുഖേനെ ചൈന ചോര്‍ത്തുകയാണ്. ജപ്പാന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിത്. വിവരങ്ങള്‍ പുറത്താകുന്ന സാഹചര്യം കണക്കിലെടുത്ത് ആപ്പിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി വ്യക്തമാക്കി.
ടിക് ടോക്ക് വഴി വ്യക്തിഗത വിവരങ്ങളും ചോര്‍ത്തപ്പെടാം. പുതിയ സാഹചര്യങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്ന കാര്യത്തില്‍ ഞങ്ങള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. സോഫ്റ്റ് വെയറുകള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളാണ് ഇതിനായി ഉപയോഗിക്കുക. വിവിധ മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാം. ദേശീയ സുരക്ഷാ ആശങ്കകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുമെന്നും അമാരി പറഞ്ഞു.
ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് പല രാജ്യങ്ങളും കടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തു. ടിക് ടോക്ക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്താനും നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. ടിക് ടോക്കിലൂടെ സദാചാരവിരുദ്ധവും അശ്ലീലം കലര്‍ന്നതുമായ വീഡിയോകള്‍ പ്രചരിക്കുന്നുവെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.