ഉദുമ: പടിഞ്ഞാര്‍ തീരത്ത് കടലാക്രമണം വീണ്ടും രൂക്ഷമായി. രാപ്പകല്‍ ഭേദമില്ലാതെയുള്ള ശക്തമായ തിരയേറ്റത്തില്‍ കരയും കടന്ന് പരിസരത്തെ വീടിന് അടുത്തേക്ക് കടല്‍വെള്ളം ഇരച്ചുകയറുകയാണ്. ജന്മ, കൊപ്പല്‍, കൊവ്വല്‍ തീരപ്രദേശത്ത്താമസിക്കുന്ന സി മുഹമ്മദ് കുഞ്ഞി, ബാലകൃഷ്ണന്‍ ജന്മ, ബിജു കണ്ണന്‍, ചന്ദ്രാവതി കുട്യന്‍, കെ സി ഗോപാലന്‍, വെള്ളച്ചി അമ്പാടി, ചാപ്പയില്‍ കോരന്‍, മാധവി അമ്പാടി, വെള്ളച്ചി സിലോണ്‍, കണ്ണന്‍ ചക്കരഎന്നിവരുടെ കുടുംബങ്ങള്‍ കടലേറ്റം കാരണം ഭീതിയിലാണ്. ജന്മ കടപ്പുറത്തെ സിഎ മുഹമ്മദ് കുഞ്ഞി, വെളളച്ചി അമ്പാടി, വെള്ളച്ചി സിലോണ്‍, ചക്കരകൃഷ്ണന്‍, ചക്കര കണ്ണന്‍, ബികെ കണ്ണന്‍ കൊപ്പല്‍ കടപ്പുറത്തെ ഇബ്രാഹിം എന്നിവരുടെ തെങ്ങുകള്‍ കടപുഴകി കടലിലേക്ക് വീണു.
കഴിഞ്ഞകാലവര്‍ഷങ്ങളിലും ഇതുപോലെ ശക്തമായ കടലേറ്റം ഉണ്ടായിരുന്നു. എന്നാല്‍, കടലേറ്റമുണ്ടാകുന്നത് തടയാന്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കടലോരവാസികളുടെ പ്രധാന ആക്ഷേപം. ജന്മ തീരപ്രദേശത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ഇടതിങ്ങി താമസിക്കുന്നുണ്ട്. കടല്‍ഭിത്തിയും തകര്‍ത്ത് സംഹാര താണ്ഡവമാടുന്ന തിരമാലകളെ നോക്കി നെടുവീര്‍പ്പിടുകയാണ് ഇവിടെയുള്ള കുടുംബങ്ങള്‍.
ചെറിയ കുട്ടികളടക്കുള്ള കുടുംബങ്ങള്‍ ശ്വാസമടക്കിയാണ് വീടുകളില്‍ ഒതുങ്ങിക്കഴിയുന്നത്.മഴ കനക്കുമ്പോഴാണ് കടലിരമ്പവും ശക്തിയാകുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സ്ഥിതിതുടരുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കടലേറ്റം തടഞ്ഞു നിര്‍ത്താന്‍ കെട്ടിയ പുതിയ ഭിത്തികള്‍ പോലും പെട്ടെന്ന് തകരുകയാണ്. ഉദുമ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും ജിയോ ബാഗില്‍ മണല്‍ നിറച്ച ഭിത്തി ഒരു മാസം മുമ്പ് ഇവിടെ നിര്‍മ്മിച്ചുവെങ്കിലും രണ്ടാം ദിവസം തന്നെ അത് കടലെടുത്തു. ജന്മജംഗ്ഷനിലെ റോഡില്‍ കടല്‍വെള്ളം കയറുന്നത് ജന്മ ക്ലബ്ബ് പ്രവര്‍ത്തകര്‍ പൂഴി നിറച്ച ചാക്ക് അട്ടിവെച്ചാണ് തടയുന്നത്.