തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തി തുടങ്ങി

അസാധാരണ ഒരുക്കങ്ങളോടെ നടക്കുന്ന പുണ്യ കര്‍മ്മം നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തില്‍ ഹജ്ജിനുള്ള തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തി തുടങ്ങി. ആദ്യ സംഘം വെള്ളിയാഴ്ച്ച വൈകീട്ട് ജിദ്ദ വിമാനത്താവളത്തിലെത്തി. ഖസീം പ്രവിശ്യയില്‍ നിന്നുള്ളവരാണ് ഇത്തവണ വിശുദ്ധ കര്‍മത്തിനെത്തിയ ആദ്യ സംഘം. വിമാനത്താവളത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ച അധികൃതര്‍ പ്രത്യേക വാഹനത്തില്‍ മക്കയിലെ ഹോട്ടലിലേക്ക് മാറ്റി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്ഥാടകരെയും ഇതേ രീതിയില്‍ സ്വീകരിച്ച് നേരെ മക്കയിലെത്തിക്കും. സഊദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പതിനായിരത്തോളം വരുന്ന തെരഞ്ഞെടുത്ത ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ദുല്‍ഹജ് നാലു മുതല്‍ എട്ടു വരെ മക്കയിലെ ഫോര്‍പോയന്റ് ഹോട്ടലിലും പരിസരത്തുള്ള തെരഞ്ഞെടുത്ത ഹോട്ടലുകളിലുമാണ് താമസ സൗകര്യം നല്‍കുക. മിനായില്‍ മലമുകളിലുള്ള ബഹുനിലകെട്ടിടത്തിലാണ് തീര്‍ഥാടര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീര്‍ഥാടകര്‍ക്ക് ആവശ്യമായ ബാഗ് ഹജ്ജ് മന്ത്രാലയമാണ് നല്‍കിയത്. അസാധാരണമായ ഒട്ടേറെ ഒരുക്കങ്ങളാണ് വിവിധ മന്ത്രാലയങ്ങള്‍ ഇക്കൊല്ലത്തെ ഹജ്ജിനായി നടത്തിയത് .
തീര്‍ത്ഥാടകരെ ഹജ്ജ് കര്‍മത്തിന് തെരഞ്ഞെടുത്തത് ഇ പോര്‍ട്ടല്‍ വഴിയാണെന്ന് സഊദി ഹജ്ജ് കാര്യ ഉപമന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത് പറഞ്ഞു. തീര്‍ത്തും സുതാര്യമായാണ് ഹജ്ജിനുള്ള അപേക്ഷകള്‍ പരിഗണിച്ചത്. ആര്‍ക്കും ഒരു മുന്‍ഗണനയും നല്‍കിയിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയെന്നതാണ് ഇക്കൊല്ലത്തെ മാനദണ്ഡം. എഴുപത് ശതമാനം വിദേശികളും മുപ്പത് ശതമാനം സഊദി പൗരന്മാരുമാണ് തീര്‍ത്ഥാടകര്‍ . ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വദേശികളെയാണ് ഹജ്ജിന് പരിഗണിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറുള്ള വിദേശികളെയാണ് പോര്‍ട്ടല്‍ വഴി കണ്ടെത്തിയത്. ഇവരില്‍ ഉദ്യോഗസ്ഥരോ നയതന്ത്ര പ്രതിനിധികളോ വിശിഷ്ട വ്യക്തികളോ ആരുമുള്‍പ്പെടുന്നില്ല. ഇക്കൊല്ലത്തെ അസാധാരണ ഹജ്ജ് കര്‍മ്മത്തിന് പ്രത്യേക ഇളവുകളും പരിഗണനയും നല്‍കേണ്ടതില്ലെന്ന സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം കൃത്യമായി പാലിച്ചു കൊണ്ടാണ് ഹജ്ജ് കര്‍മ്മത്തിനുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. തീര്ഥാടകരുടെയും സുരക്ഷാ ആരോഗ്യ വിഭാഗത്തിന്റെയും സുരക്ഷതത്വമാണ് പ്രധാനം. അതിനുള്ള നടപടികളെല്ലാം ക്രമീകരിച്ചു കഴിഞ്ഞു. ഹജ്ജില്‍ പങ്കെടുക്കുന്ന വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ കോവിഡ് മുക്തരാണെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മക്കയിലെ പ്രത്യേക കേന്ദ്രത്തില്‍ കോവിഡ് പരിശോധന ചെയ്തു തുടങ്ങി.
മക്കയിലെ ഹറമില്‍ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക മെഡിക്കല്‍ സംഘമുണ്ടാകും. സഊദി റെഡ് ക്രസന്റ് അതോറിറ്റിക്കാണ് ഏകോപന ചുമതല. ത്വവാഫിന് എത്തുന്ന ഹാജിമാരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടെങ്കില്‍ മെഡിക്കല്‍ സംഘം പരിശോധിക്കും. 27 ആരോഗ്യ കേന്ദ്രങ്ങളിലായി . ഇരുനൂറ്റമ്പതിലധികം ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനം ഹറമില്‍ ലഭ്യമാക്കും. 112 ആംബുലന്‍സുകളും സര്‍വ സജ്ജമായിരിക്കും. ഹജ്ജിന്റെ ഭാഗമായുള്ള ആരോഗ്യ, സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയായി . ഹറമില്‍ തീര്‍ത്ഥാടകരുടെ ത്വവാഫ് നടക്കുന്ന മത്വാഫിലും സഅ്‌യ് നടക്കുന്ന മസ്അയിലും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തി.
സാമൂഹിക അകലം പാലിച്ചുള്ള പ്രത്യേക സഞ്ചാരപാതയാണ് ക്രമീകരിച്ചിട്ടുള്ളത്. അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാവില്ല. ഇഹ്‌റാമിലുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം. ഇഹ്‌റാമിലുള്ളവരും അനുമതി പത്രം നിര്‍ബന്ധമായും കാണിക്കണം. മക്കയിലുള്ളവര്‍ അറഫാ നോമ്പും ഇഫ്ത്താറും വീടുകളില്‍ വെച്ചുതന്നെ നിര്‍വഹിക്കണം. പുണ്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന കേന്ദ്രങ്ങളിലേക്ക് അനുമതി പത്രമില്ലാത്തവര്‍ക്ക് കര്‍ശന വിലക്കുണ്ടാകും. നിയമം ലംഘിക്കുന്നവരെ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.
അനുമതിയില്ലാത്തവരെ പുണ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ശിക്ഷ നടപടികള്‍ ഉള്‍കൊള്ളുന്ന വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ പുറത്തിറക്കി. മക്കയിലും പുണ്യസ്ഥലങ്ങളിലും മക്കയിലേക്കുള്ള എല്ലാ വഴികളിലും ഹെലികോപ്റ്റര്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സെക്യൂരിറ്റി ഏവിയേഷനും വ്യോമസേനക്കും കീഴിലെ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള ഹെലികോപ്റ്ററുകളാണ് നിരീക്ഷണം നടത്തുന്നത്.